ഗുരുവായൂർ: എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പാർട്ടി ആഹ്വാനം തള്ളി കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് കൗൺസിലർമാരായ എ.ടി. ഹംസ, പി.എസ്. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ടി.കെ. വിനോദ്കുമാർ, സസ്‌പെൻഷനിലുള്ള ബഷീർ പൂക്കോട് എന്നീ കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു.

ഗുരുവായൂർ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ടി.എൻ. പ്രതാപൻ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാലൻ വാറനാട്ട് (ഗുരുവായൂർ), ടി.എ.ഷാജി (പൂക്കോട്), സിജോയ് ചെറിയാൻ ( തൈക്കാട്) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത് വകവയ്ക്കാതെയാണ് രണ്ട് മുതിർന്ന് കൗൺസിലർമാർ ചടങ്ങിലെത്തിയത്. കൗൺസിലർമാർക്കിടയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പത്ത് മാസത്തോളമായി കൗൺസിലിൽ കോൺഗ്രസിന് കക്ഷി നേതാവില്ല.