ചാലക്കുടി: നഗരത്തിൽ ഇന്നലെ രണ്ടു പേർക്കുകൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്‌റ്റേഷൻ മാസറ്റർ, പോട്ടയിലെ വീട്ടമ്മ എന്നിവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവർ. മേലൂർ നടത്തുരുത്ത് സ്വദേശിയായ സ്‌റ്റേഷൻ മാസ്റ്ററുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. പോട്ട കരുണാലയം വാർഡിൽ കഴിഞ്ഞ ദിവസം പോസിറ്റീവായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ അമ്മയ്ക്കാണ് രോഗ ബാധ കണ്ടെത്തിയത്. രണ്ടു കൊവിഡ് രോഗികളെ കണ്ടെത്തിയ വി.ആർ.പുരത്ത് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തും. സമ്പർക്കമുള്ള നൂറു പേർക്കായി ഗവ.ഹൈസ്‌കൂളിലാണ് പരിശോധന. ഇതിനിടെ ഇന്നലെ താലൂക്ക് ആശുപത്രിയിൽ നടന്ന 78 ആളുകളുടെ ആന്റിജൻ പരിശോധയിൽ ആർക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായി. കൂടപ്പുഴ പ്രദേശത്ത് നേരത്തെ നടത്തിയ സ്വാബ് പരിശോധനയിൽ എല്ലാവരുടേയും ഫലം നെഗറ്റീവായി. മേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന 11 ജീവനക്കാരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇവിടെ ഡോക്ടറുമായി സമ്പർക്കമുള്ളതും മറ്റുമായി അമ്പതോളം ആളുകൾക്കും ടെസ്റ്റ് നടത്തും.