തൃശൂർ: കാർ ഓടിച്ച് കിട്ടുന്ന തുച്ഛവരുമാനം കൊണ്ട് ജീവിതം ഓടിക്കുന്നതിനിടയിലാണ് നെഞ്ചുവേദനയും കിതപ്പും. ' സിബിക്ക് ബൈപ്പാസ് ശസ്ത്രക്രിയ വേണം'. ആൻജിയോഗ്രാമും ആൻജിയോ പ്‌ളാസ്റ്റിയും കഴിഞ്ഞ് ഡോക്ടർ പറഞ്ഞു,
കേട്ടതോടെ മനസും കുഴഞ്ഞു, രക്തസമ്മർദ്ദവും പ്രമേഹവും കൂടി. ഒടുവിൽ, കേരള ഹാർട്ട് ഫൗണ്ടേഷൻ വച്ചുനീട്ടുന്ന കാരുണ്യവഴിയുടെ വാതിൽ, കാടുകുറ്റി എടാട്ടുകാരൻ സിബി വർഗീസിന് (48) മുന്നിൽ മലർക്കെ തുറന്നു. ശസ്ത്രക്രിയ നടത്തി, അഞ്ചുപൈസ ചെലവില്ലാതെ. ഇനി ഒന്നരമാസം പരിപൂർണ്ണ വിശ്രമം. താങ്ങും തണലുമായി ഭാര്യ ബിൻസി മാത്രം. പ്രതീക്ഷ ബാക്കിയുണ്ട്, ആറ് മാസം കഴിഞ്ഞാൽ വീണ്ടും സ്റ്റിയറിംഗ് പിടിക്കാമല്ലോ എന്നോർത്ത്.
കൊവിഡ് രോഗികൾ കൂടിയതോടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആൻജിയോ പ്‌ളാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയകളും നടത്താനാകാത്ത സാഹചര്യത്തിൽ പാവങ്ങൾക്ക് സൗജന്യ ഹൃദയാഘാത ചികിത്സ ഒരുക്കുന്ന, ഹൃദ്രോഗ ചികിത്‌സാ വിദഗ്ദ്ധരുടെ സംഘടനയാണ് കേരള ഹാർട്ട് ഫൗണ്ടേഷൻ. കാരുണ്യ പദ്ധതി വഴി പകുതി ചികിത്സാച്ചെലവ് മാത്രം സർക്കാർ നൽകുന്നതിനാൽ സ്വകാര്യആശുപത്രികൾ ശസ്ത്രക്രിയ നടത്താൻ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിൽ, എറണാകുളം കാക്കനാട് സൺറൈസ് ആശുപത്രിയുടെ സഹകരണത്തോടെ സിബിയുടേത് അടക്കം അമ്പതോളം ബൈപാസ് സർജറികളും ആൻജിയോപ്‌ളാസ്റ്റിയും ഫൗണ്ടേഷൻ നടത്തി.
ഹൃദ്രോഗ വിദഗ്ദ്ധരുടെ സേവനവുമുണ്ടിവിടെ.
കാരുണ്യ പദ്ധതിയിൽ ചേർന്നവർ റേഷൻ കാർഡും ആധാർ കാർഡുമായെത്തിയാൽ ചികിത്സയും ശസ്ത്രക്രിയയും നടത്തും. സംസ്ഥാനത്ത് നാൽപത് ശതമാനം പേർ കാരുണ്യയിലുണ്ട്. പതിനായിരങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം. പദ്ധതിയിലുളളവരുടെ പ്രീമിയം സർക്കാർ കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി സർക്കാർ നേരിട്ടാണ് ഇപ്പോൾ കാരുണ്യ നടത്തുന്നത്. ആരോഗ്യ ഏജൻസി രൂപീകരിച്ച് ചികിത്സാച്ചെലവ് നേരിട്ട് ആശുപത്രികൾക്ക് നൽകുകയാണ്.
ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ചികിത്സകൾക്കുള്ള ഇൻഷ്വറൻസ് പര്യാപ്തമല്ലെന്നും മറ്റുമുളള പരാതികളും ഉയർന്നപ്പോഴായിരുന്നു നേരിട്ട് നടത്താൻ തീരുമാനിച്ചത്.
* ബൈപാസിന് സ്വകാര്യ ആശുപത്രികളിലെ ചെലവ്: ശരാശരി 2 ലക്ഷം രൂപയിലേറെ
* കാരുണ്യവഴി നൽകുന്നത്: 90,000 രൂപ
* ആൻജിയോ പ്‌ളാസ്റ്റി : ഒന്നേകാൽ ലക്ഷം രൂപ
* കാരുണ്യ നൽകുന്നത്: 70,000 രൂപ
# ഹാർട്ട് ഫൗണ്ടേഷൻ ഹൃദ്രോഗചികിത്സയ്ക്ക് ആവശ്യമായ ഫണ്ടിന് പുറമേ മരുന്നും തുന്നൽസാമഗ്രികളും നൽകുന്നു
# ഏഴ് വർഷമായുള്ള സംഘടനയുടെ 15 അംഗ ഭരണസമിതിയിൽ ഹൃദ്രോഗവിദഗ്ദ്ധരും അനസ്‌തേഷ്യസ്റ്റുകളും ഗവ. ഡോക്ടർമാരും
#ബൈപാസ് , വാൽവ് മാറ്റിവയ്ക്കൽ, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കൽ ക്യാമ്പുകൾ
സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ച സാഹചര്യത്തിലാണ് നിർദ്ധന രോഗികളെ സഹായിക്കാൻ തീരുമാനിച്ചത്.
ഡോ. കുൽദീപ് ചുള്ളിപ്പറമ്പിൽ, സംസ്ഥാന പ്രസിഡന്റ്, ഹാർട്ട് ഫൗണ്ടേഷൻ.
ഫോൺ: 0484 266 0000. സഹായഡെസ്‌ക്: 9744511177 ഡോ.കുൽദീപ്: 9961014446, 9061154222.