തൃശൂർ: കിലയിലെ ഒഴിവുകൾ പി.എസ്.സിക്ക് വിടണമെന്നുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് പിൻവാതിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് അനിൽ അക്കര എം.എൽ.എ. പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കിലയിൽ താത്കാലിക ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും സ്ഥിരം ഒഴിവുകൾ പി.എസ്.സി മുഖേനയും നടത്തണമെന്ന് നിരവധിതവണ കത്ത് മുഖേന തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോടും ജനറൽ കൗൺസിൽ മീറ്റിംഗുകളിലും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പുതുതായി സൃഷ്ടിച്ച തസ്തികകളായ അർബൺ ചെയർ പ്രൊഫസർ, സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ എന്നിവയുടെയും ഡ്രൈവർ തസ്തികകയുടെയും യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകി ബൈലോ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവായിരിക്കുകയാണെന്ന് അനിൽ അക്കര പറഞ്ഞു.