കാഞ്ഞാണി: റോഡിനായി സ്ഥലം വിട്ടു നൽകി ഒരു വർഷം കഴിഞ്ഞിട്ടും സഞ്ചാര യോഗ്യമാക്കാത്തതിൽ പരാതി. മണലൂർ പഞ്ചായത്ത് 18ാം വാർഡിൽ കാരമുക്ക് മണലൂർ ഹൈസ്‌കൂൾ റോഡിനെ ബന്ധിപ്പിക്കുന്നതും, ചാത്തംകുളങ്ങര ക്ഷേത്രം വരെ എത്തിനിൽക്കുന്നതുമായ റോഡാണ് സഞ്ചാര യോഗ്യമാകാതെ കിടക്കുന്നത്.
കാരമുക്ക് സ്വദേശിയായ പണ്ടാരൻ സന്തോഷാണ് റോഡിനായി 13 സെന്റ് ഭൂമി പഞ്ചായത്തിന് വിട്ടു നൽകിയത്. ഇതോടെ നടക്കാൻ പോലും കഴിയാതെ ദുരിതം അനുഭവിച്ചിരുന്ന പ്രദേശവാസികൾ പ്രതിക്ഷയിലായി. പ്രരാംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷത്തിനും, വെള്ളം ഒഴുകിപ്പോകുന്നതിനായി കൽവെർട്ട് കെട്ടുന്നതിനായി 2.30 ലക്ഷം രൂപയ്ക്കും കരാർ നൽകി. ക്വാറി അവശിഷ്ടങ്ങൾ പുതിയ റോഡിനു സമീപം കുന്നുകുട്ടി ഇട്ടിട്ടുണ്ടെങ്കിലും സമയോചിതമായി കരാറുകാരൻ നിർമ്മാം നടത്താത്തതാണ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം.
മഴക്കാലമായതോടെ പുൽക്കാടുകൾ വളർന്ന് കാടുപിടിച്ച് ആളുകൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി മിഷൻ 20, 30 മണലൂർ സംഘടനയ്‌ക്കൊപ്പം സമരപാതയിലാണ് നാട്ടുകാർ.
എന്റെ ശ്രമഫലമായിട്ടാണ് റോഡിന് സ്ഥലം വിട്ടു തന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി നിർമ്മാണം കരാറുകാരനാണ് നടത്തേണ്ടത്.
- സിന്ധു ശിവദാസ്, വാർഡ് മെമ്പർ
ടെൻഡർ നടപടികൾ പൂർത്തിയായി കരാർ കൊടുത്തിട്ടും റോഡ് നിർമ്മാണം പൂർത്തിയാകാത്തതിന്റെ കാരണം അറിയണം. കരാർ അടക്കമുള്ള എല്ലാ വിവരവും പുറത്ത് പറയണം.
- റിച്ചാർഡ് പി ജോസ്, പ്രസിഡന്റ്, മിഷൻ 20- 30 മണലൂർ