പുതുക്കാട്: സി.ബി.ഐ കേസോടെ ടോൾ കമ്പനിയുടെ ടോൾ കൊള്ളയ്ക്ക് അന്ത്യമാകുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
2012 ഫെബ്രുവരി 9ന് ടോൾ പിരിവ് ആരംഭിച്ചത് മുതൽ പാലിയേക്കര ടോൾ പ്ലാസയും ദേശീയ പാതയും ടോൾ കമ്പനിയുടേതാണെന്ന വിധത്തിലായിരുന്നു പെരുമാറ്റം.
ടോൾ പ്ലാസയിൽ തർക്കമുണ്ടാക്കുന്നവരെ കായികമായി നേരിടാൻ വരെ കമ്പനി മുതിർന്നു. മാറിമാറി വന്ന സർക്കാരുകളും അവർക്ക് എല്ലാറ്റിനും മൗനാനുവാദം നൽകി. ടോൾ കമ്പനി ജീവനക്കാരുടെ പേരിൽ നിസാര വകുപ്പ് ചുമത്തുമ്പോൾ മർദ്ദനം എറ്റവരുടെ പേരിൽ കടുത്ത വകുപ്പാണ് ചുമത്തിയത്. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ടോൾ പ്ലാസയ്ക്ക് ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലായിരുന്നു. ഡിവൈ.എസ്.പി വരെ ടോൾ പ്ലാസയ്ക്ക് കാവലായി. പാലിയേക്കര മേൽപ്പാലം ജംഗ്ഷൻ മുതൽ മണലി പാലത്തിന് സമീപമെത്തുന്ന ടോൾ പ്ലാസയ്ക്ക് സമാന്തരമായുള്ള പഴയ ദേശീയപാത വരെ അടച്ചു കെട്ടി. കരാറിന്റെ പേര് പറഞ്ഞായിരുന്നു ആ നടപടിയും.
അടച്ചുകെട്ടിയ സമാന്തര പാത തുറന്നുകൊടുക്കാൻ ഉത്തരവിട്ട കളക്ടറെ ഇരുപത്തിനാല് മണിക്കൂറിനകം സ്ഥലം മാറ്റാൻ ശക്തിയുള്ളവരായിരുന്നു ടോൾ കമ്പനി. ടോൾ കമ്പനി കരാർ അനുസരിച്ചുള്ള നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ പിരിവ് ആരംഭിച്ചു. ഉയർന്നു വന്ന ബഹുജന പ്രക്ഷോഭത്തെ തുടർന്ന് മഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സമരസമിതി പ്രവർത്തകർ, ടോൾ കമ്പനി അധികൃതർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു. ആലുവ ഗവ. ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ തദ്ദേശവാസികൾക്ക് സൗജന്യ പാസ് വാഗ്ദാനം ചെയ്ത് പ്രക്ഷോഭത്തിന്റെ ശക്തി കുറയ്ക്കാനാണ് ശ്രമിച്ചത്.
ശേഷിക്കുന്ന നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ടോൾ പിരിവ് നിറുത്തിവയ്ക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. എട്ട് വർഷം പിന്നിട്ടിട്ടും ശേഷിക്കുന്ന ഒരു പ്രവൃത്തിയും കമ്പനി നടത്തിയില്ല. ഓരോ അഞ്ചു വർഷം കൂടുമ്പോഴും പാതയിൽ നടത്തേണ്ട റീ ടാറിംഗ് പോലും നടത്തിയില്ല. പാതയിലുടനീളം വെള്ളം ഒഴുക്കാനുള്ള കാനകളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടില്ല. മണ്ണുത്തി മുതൽ അങ്കമാലി വരെ റോഡ് നിർമ്മിച്ച കമ്പനിക്ക് അങ്കമാലി മുതൽ ഇടപ്പിള്ളി വരെ ദേശീയപാത അതോറിറ്റി നിർമ്മിച്ച റോഡിന്റെ ചുങ്കം പിരിക്കാൻ അനുവാദം നൽകി. ടോൾ കമ്പനിക്കെതിരെ വന്ന മിക്ക കേസുകളിലും വർഷങ്ങളായിട്ടും തീർപ്പ് ഉണ്ടാകാതിരിക്കുമ്പോഴും, ടോൾ കമ്പനിക്കനുകൂലമായ പല കേസുകളുടെയും തീർപ്പ് ശരവേഗത്തിലായിരുന്നു.
ടോൾ പിരിവ് ഇങ്ങനെ
മേയ് മാസം വരെ 804 കോടി (വിവരാവകാശ പ്രകാരം ലഭിച്ചത്)
പദ്ധതിച്ചെലവ് 725.41 കോടി
ടോൾ പിരിവ് കാലാവധി 2028 ജൂൺ വരെ