janakeeyaa-kootayama
കഴിമ്പ്രം പതിമൂന്നാം വാർഡിൽ ജനകീയ കൂട്ടായ്മ ഏഴ് ഏക്കറിൽ ഒരുക്കിയ ജൈവ പച്ചക്കറി കൃഷി

വലപ്പാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിമ്പ്രം പതിമൂന്നാം വാർഡിൽ ജനകീയ കൂട്ടായ്മ ഏഴ് ഏക്കറിൽ ഒരുക്കിയ ജൈവ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. കൊവിഡ് അനന്തരം ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനാണ് കൃഷി നടത്തുന്നത്. വലപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരദേശ ക്ഷേമ സഹകരണ സംഘം, ജീവകാരുണ്യ സംഘടനയായ സംഗമം ഗ്രൂപ്പ് കഴിമ്പ്രം എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. രണ്ട് ഏക്കർ സ്ഥലത്ത് മൂവായിരത്തോളം കൊള്ളിയും, ഒന്നര ഏക്കർ വീതമുള്ള സ്ഥലത്ത് പയറും കൂർക്കയും കൂടാതെ ഒരു ഏക്കറിൽ കരനെൽക്കൃഷിയും ചെണ്ടുമല്ലിയും കൃഷി തുടങ്ങി.

കൂടാതെ എടമുട്ടം പാലപ്പെട്ടിയിൽ ഒരു ഏക്കറിൽ വാഴ, ഇഞ്ചി, പച്ചമുളക്, ചേന, ചേമ്പ്, വഴുതന, വെണ്ട, മത്തൻ, കസ്തൂരിമത്തൾ തുടങ്ങിയവയും ആരംഭിച്ചു. കാട് പിടിച്ചു കിടന്നിരുന്ന സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നിലം ഒരുക്കിയാണ് കൃഷിക്ക് തുടക്കം കുറിച്ചത്. കൂർക്കയും കൊള്ളിയും ഒഴികെയുള്ള മറ്റെല്ലാ ഇനങ്ങളും ഓണത്തോട് അനുബന്ധിച്ച് വിളവെടുക്കാവുന്ന തരത്തിലാണ് പാകപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, പഞ്ചായത്ത് അംഗം പി.എസ്. ഷജിത്ത് എന്നിവരാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. യുവ കർഷകരായ പി.എസ്. നിമോദ്, ജിഷ്ണുദാസ്, എ.ജെ. ചാരുദത്തൻ, പി.എസ്. സനീഷ്, എം.വി. വിഷ്ണു, കെ.എസ്. സുബിൻ, അമൃതലാൽ, പി.സി. സുരേഷ് എന്നിവരാണ് കൃഷിയെ പരിപാലിക്കുന്നത്.