പുതുക്കാട്: അങ്കമാലി - ഇടപ്പള്ളി ദേശീയപാത നിർമ്മാണ അഴിമതിയിൽ ടോൾ കരാർ കമ്പനിക്കും ദേശീയ പാത അധികൃതർക്കെതിരെയും സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ കമ്പനിയെ കരാറിൽ നിന്നും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കരാറിൽ പറയുന്ന നിർമ്മാണം പൂർത്തിയാക്കാതെയും വ്യവസ്ഥകൾ പാലിക്കാതെയും ടോൾ പിരിവ് ആരംഭിക്കാൻ അനധികൃതമായി അനുമതി സമ്പാദിച്ചെന്നും അതുവഴി 102.44 കോടി രൂപയുടെ വൻ അഴിമതി നടത്തിയെന്നുമാണ് കേസ്.
സി.ബി.ഐ കൊച്ചി യുണിറ്റിലെ ഇൻസ്‌പെക്ടർ എൻ.ആർ. സുരേഷ് സമർപ്പിച്ച എഫ്.ഐ.ആറിൽ കമ്പനിയുടെ എം.ഡിയാണ് ഒന്നാം പ്രതി. ദേശീയ പാതാ അധികൃതരും പ്രതിപട്ടികയിലുണ്ട്. സി.ബി.ഐ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തങ്ങൾ നാളിതുവരെയായി ടോൾ കമ്പനിയുടെ കരാർ ലംഘനത്തിനെതിരെ പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്നതാണ് സി.ബി.ഐയുടെ നടപടിയെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.
സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ ഇനി കമ്പനിയെ ടോൾ പിരിക്കാൻ സർക്കാർ അനുവദിക്കരുത്. കരാർ കമ്പനിയുടെ ലംഘനങ്ങൾക്കെതിരെ തങ്ങൾക്ക് ലഭിച്ചിട്ടുള്ള തെളിവുകൾ സി.ബി.ഐക്ക് കൈമാറാൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.