ചാലക്കുടി: രണ്ടാഴ്ചയായി തുടരുന്ന അങ്കലാപ്പിനിടയിൽ ചാലക്കുടിയ്ക്ക് തെല്ല് ആശ്വാസം. ചൊവ്വാഴ്ചയിലെ കൊവിഡ് പരിശോധന ഫലത്തിൽ നഗരസഭ പരിധിയിലും പഞ്ചായത്തുകളിലും ആർക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. വി.ആർ. പുരത്ത് 151 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ആർക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. താലൂക്ക് ആശുപത്രിയിൽ നടന്ന വിവിധ പരിശോധനകളിലും എല്ലാവർക്കും നെഗറ്റീവായിരുന്നു. ഹൗസിംഗ് കോളനി വാർഡിലും ആശ്വാസമായ വാർത്തയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ വീട്ടിലെ നാലുപേർക്കും മറ്റൊരു വീട്ടിലെ ദമ്പതികൾക്കും രണ്ടാമത്തെ പരിശോധയിൽ ഫലം നെഗറ്റീവായി. കോടശേരി പഞ്ചായത്തിലും ചൊവ്വാഴ്ച പുതിയ കേസുകളില്ല. ചായപ്പൻകുഴിയിൽ രണ്ടു വാർഡുകളെ കണ്ടെയ്‌ൻമെൻ സോണിൽ നിന്നൊഴിവാക്കി. പരിയാരം, മേലൂർ, കൊരട്ടി പഞ്ചായത്തുകളിലും പുതിയ കൊവിഡ് രോഗികളില്ല.