തൃശൂർ: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിൽ സാദ്ധ്യത ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലയിലും സുസ്ഥിര വികസനം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളിക്കുളങ്ങര ഗവ. യു.പി.സ്‌കൂളിലായിരുന്നു തൃശൂർ ജില്ലാതല ഉദ്ഘാടനം നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ, വൈദ്യുതി മന്ത്രി എം.എം. മണി, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മറ്റത്തുർ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ ചള്ളിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ജോജി പോൾ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എൻജീനീയർ ആന്റണി എം. വട്ടോലി, ഗ്രാമപ്പഞ്ചായത്ത് അസി.എൻജിനീയർ എൻ. സരസ്വതി, സെക്രട്ടറി ടി.ജി. സജി തുടങ്ങിയവർ പങ്കെടുത്തു.