മാള: മാള പഞ്ചായത്തിലെ കോൾക്കുന്ന് ക്ലസ്റ്ററിൽ നിന്ന് പുറത്തുപോയ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഇവരെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് മാള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. കൂടാതെ 28 പേർക്കെതിരെ നിയന്ത്രണ ജാഗ്രത പാലിക്കാത്തതിനാൽ പെറ്റിക്കേസ് എടുത്തു. ക്ലസ്റ്റർ മേഖലയിൽ നിയന്ത്രണം കർശനമാക്കിയതായും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മാള പൊലീസ് എസ്.എച്ച്.ഒ: സജിൻ ശശി അറിയിച്ചു.
പുത്തൻചിറയിൽ ആറാം വാർഡിലെ ഒരു വീട്ടിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുത്തൻചിറ പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവായ 56 പേരിൽ 31 പേർ രോഗമുക്തരായപ്പോൾ 25 പേരാണ് ചികിത്സയിലുള്ളത്. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആറിന് ആന്റിജൻ പരിശോധനാ ക്യാമ്പ് നടക്കുന്നുണ്ട്. കുഴൂർ പഞ്ചായത്തിലെ കുണ്ടൂരിൽ ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുഴൂരിൽ അന്നമനട കടയിൽ നിന്നിരുന്നയാൾക്ക് പോസിറ്റീവ് കണ്ടെത്തി.