kuzhika-adakkunnu
തകർന്നു കിടക്കുന്ന വഴിയമ്പലം പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലെ കുഴികൾ കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷിന്റെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഇട്ട് നികത്തുന്നു

കയ്പമംഗലം: തകർന്നു കിടക്കുന്ന റോഡിലെ കുഴികളടച്ച് പഞ്ചായത്ത് പ്രസിഡന്റ്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷാണ് ദേശീയപാത വഴിയമ്പലം പടിഞ്ഞാട്ടുള്ള മാടാനിക്കുളം റോഡിലെ കുഴികളടക്കാൻ രംഗത്ത് വന്നത്.

വഴിയമ്പലത്ത് നിന്ന് വഞ്ചിപ്പുര ബീച്ച് കമ്പനിക്കടവ് വരെയുള്ള ഈ റോഡ് പി.ഡബ്ള്യു.ഡിയാണ് എറ്റെടുത്തത്. കുറച്ചു മാസമായി തകർന്നു കിടക്കുന്ന ഈ റോഡ് 1.65 കോടിക്ക് പുതുക്കി പണിയാനും ടെൻഡറായി. സെപ്തംബർ മാസത്തോടെയാണ് റോഡു പണി ആരംഭിക്കുക. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് മഴ പെയ്തതോടെ യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ദുരിതമായി.

മാത്രമല്ല ശക്തമായ മഴ പെയ്താൽ റോഡിൽ വെള്ളവും പൊന്തും. റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് കുഴിയിൽ വീണ് അപകടവും സംഭവിക്കും. റോഡു പണി ആരംഭിക്കാൻ ഒരു മാസം വൈകുന്നതറിഞ്ഞതോടെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഇട്ട് കുഴികളച്ചു. അഞ്ച് ലോഡ് ക്വാറി വേസ്റ്റ് വേണ്ടി വന്നു റോഡിലെ കുഴികളടക്കാനെന്ന് പഞ്ചായത്തു പ്രസിഡന്റ് ടി.വി സുരേഷ് പറഞ്ഞു. പ്രസിഡന്റിനോടൊപ്പം പൊതു പ്രവർത്തകനായ വി.കെ രാമനാഥൻ സന്നദ്ധപ്രവർത്തകരായ നിരവധി യുവാക്കൾ എന്നിവർ പങ്കുചേർന്നു..