തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക 12ന് പ്രസിദ്ധീകരിക്കും. ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചാണ് കരട് വോട്ടർ പട്ടിക തയാറാക്കുക. കരട് വോട്ടർപട്ടികയിൻമേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26. ഇതിന്റെ വിചാരണയും പുതുക്കലും പൂർത്തിയാക്കേണ്ട അവസാന തീയതി സെപ്തംബർ 23. അന്തിമ വോട്ടർ പട്ടിക 26ന് പ്രഖ്യാപിക്കും.
ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൻമേൽ ഇനിയും തീർപ്പാക്കാനുള്ള ആക്ഷേപങ്ങൾ (ഫോറം അഞ്ച്) സംബന്ധിച്ച വിചാരണ ആഗസ്റ്റ് 17 മുതൽ ആരംഭിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. ഇതിന് ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കും. ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ, മരണപ്പെട്ടവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പേരുവിവരം ആഗസ്റ്റ് 12ന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. ആക്ഷേപങ്ങളില്ലെങ്കിൽ അവരുടെ പേര് വിവരം വോട്ടർ പട്ടിയിൽ നിന്ന് ഒഴിവാക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വമേധയാ നടപടി സ്വീകരിക്കണം.
ജൂൺ 17ന് പ്രസിദ്ധീകരിച്ച പ്രവാസി ഭാരതീയരുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആഗസ്റ്റ് 12 മുതൽ ലഭിക്കുന്ന അപേക്ഷകളിലും ഉചിത നടപടി സ്വീകരിച്ച് വേണം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനെന്നും കമ്മിഷൻ നിർദേശിച്ചു. ഹിയറിംഗ് വേളയിൽ ആൾക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിക്കണം. വിചാരണ സമയം നിശ്ചിത ഇടവേളകളിൽ ക്രമീകരിക്കണം.