വാടാനപ്പിള്ളി: വെട്ടുകത്തി കഴുത്തിൽ വെച്ച് പണം തട്ടാൻ ശ്രമിച്ച മോഷ്ടാവിനെ തള്ളിത്താഴെയിട്ട് പ്ലസ് ടു വിദ്യാർത്ഥിനി കവർച്ചാശ്രമം തടഞ്ഞു. തളിക്കുളം ഇടശേരിയിൽ തളിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ രജനിയുടെയും ഹേനന്റെയും മകൾ സ്മൃതി ജീവനാണ് മൽപ്പിടുത്തത്തിലൂടെ മോഷ്ടാവിനെ ഒതുക്കിയത്.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണശ്രമം. സ്മൃതിക്ക് പഠന മുറിക്കുള്ള സഹായം കിട്ടിയതോടെ വീടിന്റെ മുകൾഭാഗം പൊളിച്ച് പഠനമുറിയുടെ നിർമാണ പ്രവർത്തനം നടന്നു വരുകയാണ്. അതിനാൽ മുകൾഭാഗം തുറന്നനിലയിലാണ്. വീടിന് പുറത്ത് ഇട്ടിരുന്ന ഹേനന്റെ മുണ്ട് എടുത്ത് മോഷ്ടാവ് തളപ്പാക്കി സമീപത്തെ കവുങ്ങിലൂടെ ടെറസ് വീടിന്റെ മുകളിലേക്ക് കയറുകയായിരുന്നു.
അകത്ത് കടന്ന മോഷ്ടാവ് വീട്ടിലെ വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന രജനിയുടെ മകൾ സ്മൃതിയുടെ കഴുത്തിൽ വെച്ചു. ഞെട്ടി ഉണർന്ന സ്മൃതിയോട് മോഷ്ടാവ് പണവും സ്വർണ്ണവും ആവശ്യപ്പെട്ടു. ഇതോടെ മുൻ എസ്.പി.സി വിദ്യാർത്ഥിനിയായ സ്മൃതി കള്ളന്റെ കൈക്ക് കടന്നുപിടിച്ചു. മോഷ്ടാവിന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി തട്ടിത്തെറിപ്പിച്ചു. ശേഷം മോഷ്ടാവിനെ തള്ളിത്താഴെയിട്ടു. ബഹളം കേട്ട് രജനിയും ഹേനനും ഉണർന്ന് എഴുന്നേറ്റ് വന്നതോടെ മോഷ്ടാവ് വീടിന് മുകളിലേക്ക് കയറി ചാടി രക്ഷപ്പെട്ടു.
വെട്ടുകത്തി സമീപം കിടക്കുന്നുണ്ടായിരുന്നു. സ്മൃതി എസ്.പി.സി അംഗമായിരുന്നതിനാൽ പകർന്നു കിട്ടിയ ആത്മധൈര്യത്തിലാണ് മോഷ്ടാവിനെ നേരിടാനായത്. പൊലിസ് ഉദ്യാഗസ്ഥർ എടുത്ത ക്ലാസാണ് മോഷ്ടാവിനെ നേരിടാൻ സ്മ്യതിയെ സഹായിച്ചത്. മോഷ്ടാവിന് താടിയുണ്ടെന്ന് സ്മൃതി പറഞ്ഞു. വീട്ടിലെ എല്ലാ മുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിരുന്നു.
പഠന മുറിക്കുള്ള സഹായ ധനം കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്ക് ലഭിച്ചത്. ഈ പണം അലമാരയിൽ ഭദ്രമായി പൂട്ടി വെച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. പ്രദേശത്തെ വലിയകത്ത് മുഹമ്മദാലിയുടെ ഭാര്യ സുഹറയുടെ വീടിന്റെ ചുമരും ഗ്രില്ലും തകർത്ത് മോഷണശ്രമം നടന്നിട്ടുണ്ട്. ഇടശേരി കിഴക്കെപള്ളിക്ക് കിഴക്ക് വെള്ളാനി വീട്ടിൽ ജെൽസയുടെ വീടിന്റെ തുറന്നിട്ടിരുന്ന ജനൽ വഴി മൊബൈൽ ഫോൺ കവർന്നു. വെള്ളാനി വിശ്വംഭരന്റെ വീട്ടിലും മോഷണശ്രമമുണ്ടായി.
വീടിന്റെ പുറത്തെ മുറി താഴിട്ട് പൂട്ടി മോഷ്ടാവ് കടന്നു കളഞ്ഞു. സമീപത്തെ മറ്റ് വീടുകളിലും മോഷണശ്രമമുണ്ടായി. ഈ സമയം മേഖലയിൽ വൈദ്യുതി നിലച്ചിരുന്നു. പുലർച്ചെ തന്നെ വാടാനപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല