nurses

തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ട് തിരിമറിക്കേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് സ്റ്റാഫ് പി.ഡി. ജിത്തു എന്നിവരെയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് തൃശൂരിൽ അറസ്റ്റ് ചെയ്തത്.

കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ യു.എൻ.എയുടെ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അഞ്ച് മുതൽ ഏഴ് വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം.വി. സുധീർ എന്നിവർക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യകതമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിൻ ഷാ ഉൾപ്പെടെയുളളവരുടെ മൂൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്ലാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചു. വീഡിയോ കോൺഫറൻസിംഗ് മുഖേന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.