ചാലക്കുടി: മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടായ വനിതാ ഡോക്ടറുടെ സമ്പർക്കമാണ് അന്നനാട് സ്വദേശിനിയായ താൽക്കാലിക നഴ്‌സിനും സ്രവ പരിശോധന ഫലം പോസിറ്റീവായത്. ഇതോടെ പൂലാനിയിലെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. മറ്റു പത്തു ജീവനക്കാർക്ക് വൈറസ് ബാധയില്ലെന്ന് വ്യക്തമായി. ബുധനാഴ്ച ആശുപത്രി പ്രവർത്തിച്ചെങ്കിലും ഇവിടെ വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേ എത്തിയിള്ളു. മറ്റു പത്ത് ജീവനക്കാരുടേയും പരിശോധനാഫലം നെഗറ്റീവാണ്. ഡോക്ടറുമായി സമ്പർക്കമുള്ളത് നൂറോളം ആളുകൾക്കാണ്. നഴ്‌സിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. എല്ലാവർക്കുമായി രണ്ടു ദിവസത്തിനുള്ളിൽ ആന്റിജൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർക്കും നഴ്‌സിനും വൈറസ് ബാധയുണ്ടായത് പൂലാനിയിലും പരിസരരങ്ങളിലും ജനങ്ങളെ ആശങ്കയിലാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതർ അലംഭാവം കാട്ടുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.