വടക്കാഞ്ചേരി: പിറന്നാളുകാരന് ഓണക്കോടിയുമായി കോഴിക്കോട് മാടത്ത് തെക്കേപ്പാട്ട് വീടിന്റെ പടി കയറാത്തതിന്റെ സങ്കടമുണ്ട് ശങ്കരനാരായണന്. പതിറ്റാണ്ടുകളായുള്ള ആ നിഷ്ഠ മുടങ്ങിയതിൽ മനസ് പിടയുന്നുണ്ടെങ്കിലും സ്വയം ആശ്വസിക്കുകയാണ് വടക്കാഞ്ചേരി നടുത്തറ നിർമ്മാല്യത്തിൽ പി. ശങ്കരനാരായണൻ. ശങ്കരനാരായണന്റെ ഓണക്കോടി കാത്തിരിക്കുന്ന തെക്കേപ്പാട്ട് വീട്ടിലെ ഗൃഹനാഥൻ മലയാളികളുടെ കഥാപ്രപഞ്ചമാണ്, സാക്ഷാൽ എം.ടി. വാസുദേവൻ നായർ.
എം.ടിയോടുള്ള ആരാധനയിലാണ് ശങ്കരനാരായണൻ വീടിന് നിർമ്മാല്യമെന്ന് പേരിട്ടത്. നിർമ്മാല്യത്തിന്റെ ഷൂട്ടിംഗ് കണ്ട് മടങ്ങിയെത്തിയപ്പോഴുണ്ടായ വെളിപാടാണത്. ഈ അടുപ്പം കഥാകാരന് തിരിച്ചുമുണ്ട്. 27 കൊല്ലമായി എം.ടിക്കൊപ്പമിരുന്ന് പിറന്നാൾ സദ്യയുണ്ണുന്ന മൂന്നോ നാലോ പേരിൽ ഒരാളാണ് ശങ്കരനാരായണൻ. 'പിറന്നാളിന് വെറും കൈയോടെ പോകാറില്ല. അമ്മയുള്ള കാലത്തോളം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളുണ്ടാകും കൈയിൽ. പറ്റുമെങ്കിൽ ഒരു ഓണക്കോടി. തളി ക്ഷേത്രത്തിലെ പായസവുമുൾപ്പെടെ സദ്യ അദ്ദേഹത്തിനൊപ്പമിരുന്ന് കഴിക്കും". - രണ്ടരപതിറ്റാണ്ടായുള്ള ഈ പതിവ് ശങ്കരനാരായണന് മനഃപാഠം. എം.ടി. വടക്കാഞ്ചേരിയിലൂടെ പോയാൽ ശങ്കരന്റെ വീട്ടിലെത്തും.
എം.ടിയെ കാണുന്നതിന് 1958ലാണ് കോഴിക്കോട്ടേക്ക് വണ്ടികയറിയത്. നാട്ടിലെ കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് സഹായിച്ചത്. തൃശൂരിൽ നിന്നുള്ള ബസിൽ കോഴിക്കോട്ടെത്തി. തുടർന്ന് വിനയാന്വിതനായി എം.ടിക്ക് മുന്നിൽ. പക്ഷേ ആദ്യ സന്ദർശനം കല്ലുകടിയായി. നൽകിയ ചായ കൈ കൊണ്ട് തട്ടിപ്പോയപ്പോൾ ശങ്കരനാരായണന് പരിഭ്രാന്തിയായി. പക്ഷേ എം.ടി കുലുങ്ങിച്ചിരിച്ചു. വേഗം മറ്റൊരു ചായ നൽകി. ചായക്കോപ്പ മറിഞ്ഞെങ്കിലും ആ സൗഹൃദത്തിന് ഇന്നും നൂറുമേനിയാണ്.
പി. ശങ്കരനാരായണൻ എഴുതിത്തുടങ്ങിയ കാലത്ത് ചെറുകഥകൾ പ്രസിദ്ധീകരിക്കുന്നതിന് എം.ടിക്ക് അയയ്ക്കുമായിരുന്നു. എന്നാൽ എല്ലാം മടക്കി. പക്ഷേ സങ്കടം തോന്നിയില്ല. എഴുതിത്തെളിയാൻ പിന്നീടിത് സഹായിച്ചു. ശങ്കരനാരായണന്റെ ചെറുകഥാ സമാഹാരമായ 'ഞാറ്റുവേല" വടക്കാഞ്ചേരിയിലെത്തിയാണ് എം.ടി പ്രകാശനം ചെയ്തത്.
മുറപ്പെണ്ണ് സിനിമയ്‌ക്കായി എം.ടി തിരക്കഥ എഴുതിയത് ചെറുതുരുത്തി ഗസ്റ്റ് ഹൗസിലായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ചെലവിട്ട നിമിഷങ്ങൾ ഇന്നലെ കഴിഞ്ഞ പോലെ ശങ്കരനാരായണൻ ഓർക്കുന്നു. നിളയുടെ തീരത്തൊരു വീടെന്നത് എം.ടിയുടെ സ്വപ്നമായിരുന്നു. അതിനായി ഭൂമി നോക്കാൻ ഏൽപ്പിച്ചെങ്കിലും പിന്നീടത് നടന്നില്ല. പിറന്നാൾ ദിനത്തിൽ പോകാനാകില്ലെങ്കിലും ശങ്കരനാരായണന്റെ പ്രാർത്ഥനകളെല്ലാം പ്രിയങ്കരനായ മലയാളത്തിന്റെ അക്ഷര മാന്ത്രികനായാണ്.