ഗുരുവായൂർ: ശക്തമായ ചുഴലിക്കാറ്റിൽ ഗുരുവായുർ മേഖലകളിൽ വ്യാപക നാശനഷ്ടം. മുന്ന് വീടുകൾ തകർന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കരുവാൻപടി റയിവേ ഗേറ്റിന് സമീപം തയ്യിൽ വീട്ടിൽ ദിനേശന്റെ വീടിന് മുകളിൽ പൂളമരം കടപുഴകി വീണ് വീട് പൂർണ്ണമായും തകർന്നു. ഉറങ്ങി കിടന്നിരുന്ന ദിനേശന്റെ തോളിൽ ഓട് വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൺ ചുമരായതിനാൽ വീട് പൂർണ്ണമായും തകർന്നനിലയിലാണ്. തയ്യിൽ കറപ്പു മകൻ ഉണ്ണിക്കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. കർണ്ണങ്കോട്ട് പുലിമാന്തിപറമ്പിൽ പയ്യപ്പാട്ട് സന്തോഷിന്റെ വീടിന് മുകളിൽ മാവ് കടമുറിഞ്ഞ് വീണു വീട് ഭാഗികമായി തകർന്നു. പയ്യപ്പാട്ട് മനോജിന്റെ ഉടമസ്ഥാതയിലുളള സഥലത്ത തേക്ക് മുറിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണ് വൈദ്യുതി ബന്ധം ഏറെ നേരം തടസ്സപ്പെട്ടു. മാണിക്കത്തുപടിയിൽ ചക്രമാക്കിൽ ജേക്കബിന്റെ വീട്ടിലേക്ക് തേക്ക് മരം കടപുഴകി വീണു.