മാള: മാളയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 69 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലസ്റ്റർ മേഖലയായ കാട്ടിക്കരക്കുന്ന് പ്രദേശവാസികളെ കൂടാതെ പൊലീസ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ളവരുടെ ആന്റിജൻ പരിശോധനയാണ് നടന്നത്. കാട്ടിക്കരക്കുന്ന് മേഖലയിലുള്ളവരാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഈ പ്രദേശത്ത് നിന്ന് പുറത്തുപോയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലസ്റ്റർ മേഖലയിൽ പൊലീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി ഐ.ജി സന്ദർശനം നടത്തി. കുഴൂർ അഞ്ചാം വാർഡിൽ കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. അതുകൊണ്ട് ഈ വാർഡ് കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് ഒഴിവാക്കി.