തൃശൂർ: ആയുർവേദത്തെ ഉപാസിച്ച മഹാവൈദ്യന്റെ വേർപാട് നികത്താനാകാത്ത വലിയ നഷ്ടമാണെന്നും അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. ആയുർവേദ ചികിത്സാരംഗത്ത് വേറിട്ട ശൈലി കൊണ്ടുവന്ന മഹാവൈദ്യനാണ് വിട പറഞ്ഞിരിക്കുന്നത്. സ്വതസിദ്ധമായ ചികിത്സാവഴികളിലൂടെ യാത്ര ചെയ്ത് തന്നെ സമീപിച്ച രോഗികൾക്കൊക്കെ സൗഖ്യത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും ഔഷധക്കൂട്ടുകൾ സ്‌നേഹത്തിന്റെ മേമ്പൊടി ചേർത്ത് നൽകിയ മഹാപ്രതിഭയായിരുന്നു. കൈപ്പുണ്യമായിരുന്നു അദ്ദേഹത്തിന്റെ ബലം. നമ്മുടെ നാടിന്റെ മഹത്തായ ആയുർവേദ പാരമ്പര്യത്തിൽ ഒട്ടും വെള്ളം ചേർക്കാതെ കാത്തു സൂക്ഷിച്ച് തലമുറകൾക്ക് കൈമാറിയ വലിയ പാരമ്പര്യമാണ് തൈക്കാട്ട് മൂസ്സിന്റെ കുടുംബത്തിനുള്ളത്. ഇന്ന് കേരളത്തിൽ അവശേഷിക്കുന്ന ആ മഹാ പാരമ്പര്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് നാരായണൻ മൂസ്സിന്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഋഷിതുല്യമായ ജീവിതം നയിച്ച നാരായണൻ മൂസ്സ് രോഗാതുരമായ മനുഷ്യശരീരത്തെ സുഖപ്പെടുത്തുന്നതിൽ അത്ഭുതകരമായ പ്രാവീണ്യം കാഴ്ചവച്ചുവെന്നും മന്ത്രി പറഞ്ഞു.