തൃശൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ കൊവിഡ് കാലഘട്ടത്തിൽ ആൾക്കൂട്ടങ്ങളെ തെരുവിലിറക്കാതെയുള്ള സി.പി.ഐയുടെ വെർച്വൽ വാഹനജാഥയ്ക്ക് ആഗസ്റ്റ് എട്ടിന് തുടക്കമാകുമെന്ന് സിപി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാഹനജാഥയുടെ ഉദ്ഘാടനം ചേലക്കര മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ 10 ന് നിർവഹിക്കും.
ഫേസ്ബുക്ക് പേജ് വഴി തിരുവനന്തപുരത്ത് ഇരുന്നാണ് കാനം ഉദ്ഘാടനം ചെയ്യുക. പാർട്ടി ജില്ലാ കൗൺസിലിന് കീഴിൽ രൂപീകരിച്ച നവ മാധ്യമ സബ്കമ്മിറ്റിക്കാണ് ജാഥയുടെ ഏകോപന ചുമതല. ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, വൈസ് ക്യാപ്റ്റൻ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, ഡയറക്ടർ ജില്ലാ അസി. സെക്രട്ടറി ടി.ആർ രമേഷ്കുമാർ, ജാഥാ അംഗങ്ങൾ എം. സ്വർണ്ണലത ടീച്ചർ, കെ.ജി. ശിവാനന്ദൻ, ടി.കെ. സുധീഷ്, വി.എസ്. പ്രിൻസ്, കെ.വി. വസന്തകുമാർ, ഇ.എം. സതീശൻ, കെ.പി. സന്ദീപ് എന്നിവരാണ്. പ്രചാരണ ജാഥയുടെ ഭാഗമായി പ്രചരണ ഗാനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച കവിസന്ധ്യ നടത്തും. ആഗസ്റ്റ് ഒൻപതിന് വാഹനജാഥയുടെ സമാപനം വൈകീട്ട് അഞ്ചിന് ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ല അസി. സെക്രട്ടറി ടി.ആർ രമേഷ് കുമാർ, ശ്യാൽ പുതുക്കാട് തുടങ്ങിയവരും പങ്കെടുത്തു.
ആർ.എസ്.എസിന് ചുവടുറപ്പിക്കുന്നതിന് കളമൊരുക്കിയത്
കോൺഗ്രസ് : വി.എസ് സുനിൽകുമാർ
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി നാം സ്വീകരിച്ചു വരുന്ന ആരോഗ്യ ജാഗ്രത പോലെ തന്നെ പ്രധാനമാണ് രാഷ്ട്രീയ ജാഗ്രതയെന്ന് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ പ്രസ്താവിച്ചു.
ആഗസ്റ്റ് 8, 9 തിയതികളിൽ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ വെർച്വൽ ജാഥയുടെ പ്രചരണ ഗാനത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗ്ഗീയ നിലപാടുകൾക്കും എതിരെയാണ് ഈ സമരം. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സ്ഥിതിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ പ്രധാനമന്ത്രി അയോദ്ധ്യ ക്ഷേത്ര ശിലാസ്ഥാപനത്തിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.