തൃപ്രയാർ: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നാട്ടിക എമ്മെയ് പ്രൊജക്ട്‌സ് കെട്ടിടം (പഴയ കോട്ടൺ മിൽ) ആഗസ്റ്റ് 15 ന് ശേഷം തുറന്ന് പ്രവർത്തനമാരംഭിക്കും. 1,500 പേർക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സയാണ് ഇവിടെ നൽകുക. തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തിയതായി മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.
ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്ന പേരിലാണ് ആശുപത്രി തുറക്കുക. കേരത്തിൽ തന്നെ എറ്റവും വലിയ ആശുപത്രിയായിരിക്കും നാട്ടികയിലേതെന്നും എ.സി മൊയ്തീൻ പറഞ്ഞു. സജ്ജീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മേൽനോട്ടത്തിലാണ് ലുലു സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുക. 120 ൽ അധികം കുളിമുറികളും ടോയ്‌ലറ്റുകളും നിർമ്മാണം പൂർത്തിയായി. കൂടാതെ ചികിത്സയ്ക്കെത്തുന്നവർക്കായി റിക്രിയേഷൻ സൗകര്യവും എർപ്പെടുത്തും. പഞ്ചായത്തുകളും കുടുംബശ്രീകളുമായിരിക്കും ഭക്ഷണം എത്തിക്കേണ്ടതെന്നും യോഗത്തിൽ ധാരണയായി. ഡോക്ടർമാരെയും ജീവനക്കാരെയും ഉടൻ നിയമിക്കും. പൊലീസ് സംവിധാനവും ഉണ്ടാകും.
മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ഒരുക്കും. യോഗത്തിൽ ഗീതാ ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് സെന്ററിനെ കുറിച്ച് വിശദീകരിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ സുഭാഷിണി, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, റൂറൽ എസ്.പി ആർ. വിശ്വനാഥ് എന്നിവർ സംബന്ധിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എം അഹമ്മദ്, കെ. ദിലീപ് കുമാർ, സി.ആർ മുരളീധരൻ, എം.എ ചന്ദ്രശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.