കാഞ്ഞാണി : കാഞ്ഞാണി ബസ് സ്റ്റാൻഡിലെ മണലൂർ പഞ്ചായത്തിന്റെ കീഴിലുള്ള കംഫർട്ട് സ്റ്റേഷൻ സുരക്ഷാ ഭീഷണി ഉയർത്തുന്നു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് തുറന്നു പ്രവർത്തിക്കുന്നത്. പഞ്ചായത്തിൻ്റേതാണെങ്കിലും സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തു നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളും കാഞ്ഞാണിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് കംഫർട് സ്റ്റേഷൻ ഉപയോഗിക്കുന്നത്. സമീപ പഞ്ചായത്തുകളിലും, സമീപവാർഡുകളിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യാതൊരു സുരക്ഷിതത്വവും പാലിക്കാതെയാണ് കംഫർട്ട് സ്‌റ്റേഷനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നത്. വൃത്തിഹീനമായ അവസ്ഥയാണ് കംഫർട്ട് സ്‌റ്റേഷനുള്ളതെന്ന് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു. ലൈറ്റിൻ്റെ അഭാവം മൂലം ബസ് സ്റ്റാൻഡിനുള്ളിൽ ഇരുട്ടാണെന്നും സാമൂഹിക ദ്രോഹികളുടെ വിളയാട്ടമാണെന്നും ദൃക്സാക്ഷികൾ പറയുന്നു.