തൃശൂർ: വഞ്ചിയൂർ ട്രഷറിയിലെ കളക്ടറുടെ ഫണ്ടിൽ നിന്നും പട്ടിക വിഭാഗങ്ങൾക്കുള്ള രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു. പ്രതിച്ഛായ നഷ്ടപ്പെട്ട് നിൽക്കുന്ന സർക്കാരിന് സംഭവം കടുത്ത പ്രഹരമായി മാറിയെന്നും നേതാക്കൾ പറഞ്ഞു. പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. എന്നാൽ സർവീസ് ചട്ടങ്ങൾ പ്രകാരം, വിശദീകരണം ചോദിക്കാതെ പ്രതിയായ ബിജുലാലിനെ പിരിച്ചുവിട്ടത് കോടതി മുഖാന്തരം തിരിച്ച് വരാൻ വഴിയൊരുക്കുമോ എന്ന് മുൻകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ ആശങ്കയുണ്ടാക്കുന്നു. പട്ടിക വിഭാഗ ഫണ്ട് അടക്കം ചെലവഴിക്കുന്ന സമസ്ത മേഖലകളിലും സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ ശിവൻ എന്നിവർ ആവശ്യപ്പെട്ടു.