വാടാനപ്പിള്ളി: ശക്തമായ കാറ്റിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വാഹനം അപകടത്തിൽ പെടാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയ പാത 66ൽ തൃത്തല്ലൂർ കമലാ നെഹ്‌റു സ്‌കൂളിന് മുന്നിലെ വൃക്ഷമാണ് ഒടിഞ്ഞു വീണത്.

വീഴ്ചയിൽ ഒരു വൈദ്യുതി പോസ്റ്റും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നെങ്കിലും നിമിഷ നേര വ്യത്യാസത്തിനാണ് വാഹനങ്ങൾക്ക് മീതെ മരം വീഴാതെ അപകടം ഒഴിവായത്. നാട്ടിക അഗ്‌നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്.

തൊഴുത്ത് തകർന്നു

ഏങ്ങണ്ടിയൂർ: ക്ഷീര കർഷകയുടെ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച തൊഴുത്ത് മരം വീണ് തകർന്നു. ഏങ്ങണ്ടിയൂർ അഞ്ചാം വാർഡിൽ പള്ളിക്കടവത്ത് വിബിത പത്മനാഭന്റെ കാലിത്തൊഴുത്താണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാല് പശുക്കൾ തൊഴുത്തിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ല. എന്നാൽ തൊഴുത്ത് നിർമ്മിച്ച് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനു മുമ്പാണ് നാശം സംഭവിച്ചതെന്ന് വിബിത പറഞ്ഞു.