ചാലക്കുടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ ക്രമാതീതമായി വെള്ളം കയറിയതോടെ ജനങ്ങൾ ആശങ്കയിൽ. എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രണ്ടു ദിവസം മലയിൽ തുടർച്ചയായി മഴ ലഭിച്ചിരുന്നു. ചാർപ്പ, കണ്ണംകുഴി, വാളാറക്കുത്ത്, കപ്പത്തോട് തുടങ്ങിയ തോടുകളും നിറഞ്ഞതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പൊരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നിരുന്നു. നീരൊഴുക്ക് കുറഞ്ഞാൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു എമർജൻസി ഷട്ടർ അടയ്ക്കാൻ സാദ്ധ്യതയുണ്ട്.
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ നിന്നും ക്രമാതീതമായി വെള്ളമെത്തിയാൽ മാത്രമേ പെരിങ്ങൽക്കുത്ത് ഡാമിൽ വെള്ളം ഉയരൂ. പറമ്പിക്കുളത്ത് ഇപ്പോൾ അമ്പതു ശതമാനമാണ് ജലനിരപ്പ്. തൂണക്കടവ് ഡാമിൽ 90 ശതമാനവും പെരുവാരിപ്പള്ളത്ത് 85 ശതമാനവുമാണ് ജലനിരപ്പ്. പെരുവാരിപ്പള്ളം പറമ്പിക്കുളം ഡാമുകൾ നിറഞ്ഞാൽ അധിക ജലം തൂണക്കടവ് ഡാമിലേയ്ക്കും തുറന്നുവിടും. ഇവിടങ്ങളിൽ വൻ തോതിൽ മഴയുണ്ടായാൽ മാത്രമേ പൊരിങ്ങൽ ഡാമിലേയ്ക്ക് തുറന്നു വിടുകയുള്ളൂ. തമിഴ്‌നാട് ഷോളയാറിൽ 80 ശതമാനമാണെങ്കിലും കേരള ഷോളയാർ ഡാമിൽ ഇന്നലെ പകുതി വെള്ളം മാത്രമാണുള്ളത്. മുപ്പത് ശതമാനം വെള്ളമായാൽ ഇവിടെ നിറുത്തി വച്ചിരിക്കുന്ന വൈദ്യുതി ഉത്പാദനം പുനഃരാരംഭിക്കും. തുടർച്ചായ മഴയ്ക്കിടയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾപ്പൊട്ടൽ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്. നിലവിലെ സാഹചര്യം മറികടക്കുന്നതിന് നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും മുന്നൊരുക്ക നിർദ്ദേശം നൽകിയിട്ടുണ്ട്. അപകട സാദ്ധ്യതകളെ മറി കടക്കാൻ എല്ലാവിധ മുൻകരുതലും എടുത്തിട്ടുണ്ടെന്നും റവന്യു ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്‌സ് എന്നിവർ കനത്ത ജാഗ്രതയിലാണെന്നും ബി.ഡി ദേവസി എം.എൽ.എ അറിയിച്ചു.
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭം രൂക്ഷം :
മഴവെള്ളം കടൽ എടുക്കുന്നില്ല
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ തീരദേശത്ത് കടൽക്ഷോഭം രൂക്ഷമായി. കനത്ത വെള്ളക്കെട്ടുമായി. അഴീക്കോട് ലൈറ്റ് ഹൗസ് മുതൽ പടിഞ്ഞാറെ വെമ്പല്ലൂർ വേക്കോട് വരെ കടൽ ആഞ്ഞടിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ശക്തമായ മഴയിൽ വരുന്ന വെള്ളം കടൽ എടുക്കാതെ തിരിച്ച് കയറുകയാണ്. പുതിയ റോഡിൽ പറമ്പുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പൊളിച്ചുമാറ്റിയ അറപ്പ തോട് നിറഞ്ഞ് തിരിച്ച് ഒഴുകി കാര ഫിഷർമെൻ കോളനി വെള്ളക്കെട്ടിലായി. വെളളം കയറിയത് മൂലം ജനജീവിതം ദുസ്സഹമായി. വെളളം കടൽ ഇനിയും എടുത്തില്ലെങ്കിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയേറെയാണ്. കടൽ ചില സമയങ്ങളിൽ രൗദ്ര താണ്ഡവമാടുകയാണ്. ഇരച്ചു വരുന്ന കടൽ രണ്ടാൾ പൊക്കത്തിലേക്ക് തിരമാല ഇടിച്ചു കയറുകയാണ്. ഇത് ജനങ്ങളിൽ ഭീതി ഉളവാക്കുന്നു. തീരത്തുള്ള പല വീട്ടുകാരും ഒഴിഞ്ഞു പോകാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അധികൃതർ മുൻ കരുതലെന്നവണ്ണം ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.