പുതുക്കാട്: കുറുമാലി പുഴയിലെ ആറ്റപ്പിളളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണത്തോടെ വെള്ളപ്പൊക്ക ഭീതിയിലായ നാട്ടുകാർ നിയമ നടപടികൾ ആരംഭിച്ചു. വേനൽക്കാലത്ത് വെള്ളം തടഞ്ഞു നിറുത്താനായി നിർമ്മിച്ച ഷട്ടറുകൾക്ക് കീഴെ പുഴയിൽ കോൺക്രീറ്റിംഗ് നടത്താനാകാത്തതിനാൽ റഗുലേറ്ററിന്റെ ഉപയോഗം നടക്കുന്നില്ല. വേനൽകാലത്ത് പുഴയിൽ നിർമ്മിക്കുന്ന താത്കാലിക തടയണകളിൽ നാലെണ്ണം ഒഴിവാക്കാനാകുമെന്നായിരുന്നു കണക്ക് കൂട്ടൽ. വെള്ളം സംഭരിക്കാനാകാത്തതിനാൽ അതും നടന്നില്ല.

എഴ് തൂണുകളാണ് പുഴയിൽ ഒഴുക്കിനെ തടസപെടുത്തുന്നത്. മഴക്കാലത്ത് പുഴയിലൂടെ ഒഴുകി എത്തുന്ന മരങ്ങൾ തൂണുകളിൽ തടയും ഇതോടെ പുഴ ഇരുകരകളിലേക്കും ഒഴുകും. ഇതോടെ മറ്റത്തുർ ഗ്രാമപഞ്ചായത്തിലെ മൂലംകുടം, വരന്തരപ്പിള്ളി പഞ്ചായത്തിലെ മാഞ്ഞൂർ, നന്തിപുലം പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ രണ്ട് വർഷവും വെള്ളം കയറിയതോടെ ദുരിതം അനുഭവിച്ച നാട്ടുകാർ ഇത്തവണയും ഉണ്ടായേക്കാവുന്ന പ്രളയത്തിൽ നിന്നും രക്ഷ കിട്ടണമെന്ന ഉദേശത്തോടെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കാണ് പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി, മേജർ ഇറിഗേഷൻ ചീഫ് എൻജിനിയർ, എക്‌സിക്യുട്ടിവ് എൻജിനിയർ എന്നിവരെ പ്രതിചേർത്ത് നൽകിയ പരാതിയുടെ വിചാരണ വേളയിൽ ജലവിഭവ വകുപ്പ് നൽകിയ വിശദീകരണം ലീഗൽ സർവീസ് അതാറിറ്റിയുടെ കണ്ണിൽ പൊടിയിടുന്നതായിരുന്നു. രണ്ട് കരാറുകാരെ നിയോഗിച്ചെന്നും പുഴയിലൂടെ ഒഴുകി എത്തുന്ന തടസങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യുമെന്നുമാണ് അറിയിച്ചത്. എന്നാൽ ഇതുവരെയും കരാറുകാർ ആരും എത്തിയിട്ടില്ല. വാസ്തവത്തിൽ ഒഴുകി എത്തുന്ന മരങ്ങൾ നീക്കം ചെയ്യണമെങ്കിൽ യന്ത്രസഹായവും ഒഴുകുന്ന വെള്ളത്തിൽ പരിചയമുള്ള സാഹസികരായ ജോലിക്കാരും ആവശ്യമാണ്.

..................................

ഒഴുക്ക് തടസപെടുത്തി തൂണുകളിൽ തടയുന്ന മരങ്ങൾ

പുഴയിൽ അടുത്തടുത്ത തൂണുകളാണ് മരം തടയാനും ഒഴുക്ക് തടസപെടാനും കാരണമാകുന്നത്. ഭാരവാഹനങ്ങൾ ഉൾപടെ സുഗമമായി സഞ്ചരിക്കാനുള്ള രണ്ടുവരി പാതയുടെ നിർമ്മിതി കൂടി ആയതിനാലാണ് തൂണുകളുടെ എണ്ണം വർദ്ധിച്ചതെന്നാണ് അധികൃതരുടെ വാദം. 2008 ലെ പ്രളയത്തിൽ ഒഴുകി എത്തിയ വൻ മരങ്ങൾ യന്ത്രസഹായത്താൽ പുഴയിൽ നിന്നും നീക്കം ചെയ്തത് പാലത്തിന്റെ ഒരു വശത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതു പോലും ലേലം ചെയ്ത് നീക്കം ചെയ്യാൻ അധികൃതർക്ക് ആയിട്ടില്ല. കനത്ത മഴ തുടരുമ്പോൾ പുഴക്കിരുകരകളിലുമുള്ള നൂറുക്കണക്കിന് വീട്ടുകാർ ഭീതിയിലാണ്. പ്രളയം ഒഴിവാക്കാൻ നീതിദേവതയുടെ കാരുണ്യം തേടിയുള്ള പ്രാർത്ഥനയുമായി.

........................................

റഗുലേറ്റർ കം ബ്രിഡ്ജ് ചരിത്രം

മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളിയിലെ പാലത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കെ.പി. വിശ്വനാഥൻ കൊടകരയുടെ എം.എൽ.എ ആയതോടെയായിരുന്നു ആറ്റപ്പിള്ളിയിൽ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ ജനങ്ങളിൽ ഉണ്ടായത്. എന്നാൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ അദ്ദേഹത്തിനായില്ല. പ്രൊഫ.സി. രവീന്ദ്രനാഥ് കൊടകരയുടെ എം.എൽ.എ ആയതോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. എഴ് കോടി രൂപയുടെ നബാഡ് ധനസഹായത്തോടെ ആരംഭിച്ച നിർമ്മാണത്തിന് കരാർ നൽകിയത് അഞ്ച് കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാക്കിയിട്ടായിരുന്നു. അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രിയുടെ വേണ്ടപെട്ട ആൾക്ക് കരാർ നൽകിയത് 45 ശതമാനം അധിക തുകക്കായിരുന്നു.17.5 ശതമാനത്തിന് ടെണ്ടർ നൽകിയ നാട്ടുകാരനായ കരാറുകാരനെ ഒഴിവാക്കി അധിക തുകക്ക് കരാർ ഉറപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ പ്രശ്‌നം കോടതിയിലെത്തി. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടുകയും അധിക തുകക്ക് കരാർ നൽകുകയുമായിരുന്നു. എന്നാൽ കരാറുകാരന് യഥാസമയം നിർമാണം പൂർത്തീകരിക്കാനായില്ല. രണ്ടു തവണ കരാർ പുതുക്കി നൽകി. എന്നിട്ടും പാതിവഴിയിൽ ഉപേക്ഷിച്ചു. ശേഷിച്ച പ്രവൃത്തികൾക്ക് പിന്നേയും കരാറുകാർ എത്തി. നിർമ്മാണോദ്ഘാടനവും പാലം തുറന്നുകൊടുക്കലും ആഘോഷമായി നടത്തിയെങ്കിലും റഗുലേറ്റർ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. എന്നാൽ ഗതാഗതം സുഗമമായി.