chuzhali
കളരിപ്പറമ്പ് അത്തിക്കോട്ട് വേലായുധന്റെ വീട്ടുപറമ്പിലെ മരം വീടിന് മുകളിൽ വീണ നിലയിൽ

ചാവക്കാട്: തീരദേശ മേഖലയിൽ രണ്ടാം ദിവസവും കലിയടങ്ങാതെ ചുഴലി വ്യാപക നാശം വിതച്ചു. ശക്തമായ മഴയോടൊപ്പം ചുഴലി കാറ്റിൽ തീരദേശ മേഖലയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. നിരവധി വൈദ്യുതി കാലുകൾ ഒടിഞ്ഞു വീണു. ചാവക്കാട് വില്യംസിൽ 11 കെവി കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് ഇടിഞ്ഞുവീണു. മർഹബ ചിക്കൻ സ്റ്റാളിന്റെ മേൽകൂര പറന്ന് നിലംപൊത്തി. എടക്കഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും കാറ്റാടി മരം ഒടിഞ്ഞു വീണു. ഓടുമേഞ്ഞ വീട് തകർന്നു. എടക്കഴിയൂർ സീതിസാഹിബ് സ്‌കൂളിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചിറ്റയിൽ ഹസന്റെ വീടാണ് തകർന്നത്. എടക്കഴിയൂർ കാജാ കമ്പനിക്കടുത്ത് ഇളയേടത്ത് പുത്തൻവീട്ടിൽ മുഹമ്മദിന്റെ വീട്ടുപറമ്പിലെ തെങ്ങു കടപുഴകി വീണു. ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കളരിപ്പറമ്പ് അത്തിക്കോട്ട് വേലായുധന്റെ വീട്ടുപറമ്പിലെ മരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തെക്കേ മദ്രസ റോഡിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു.