തൃശൂർ : കാലവർഷം ശക്തി പ്രാപിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഡാമുകളിൽ എതാനും ദിവസങ്ങളിൽ മാത്രം ലഭിച്ച മഴയെ തുടർന്ന് ഡാമുകൾ എല്ലാം ഒരുമിച്ച് തുറക്കേണ്ടി വന്നിരുന്നു. ഇത് വെള്ളപ്പൊക്കത്തിനിടയാക്കി.
ഇപ്രാവശ്യം മുൻകരുതലെന്ന നിലയിൽ പ്രധാന ഡാമുകളായ പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിട്ടു. അതിനാൽ മുൻകാലങ്ങളേക്കാൾ സംഭരണശേഷി കൂടുതലാണ്. തകർത്ത് പെയ്യുന്ന മഴയിൽ എല്ലാ ഡാമുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. പൊരിങ്ങൽകുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസുകൾ കൂടുതൽ ഉയർത്തി.
പൂമല ഡാം തുറന്നു
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൂമല ഡാമിന്റെ ഷട്ടർ തുറന്നു. വ്യാഴാഴ്ച്ച മുന്നറിപ്പ് നൽകിയ ശേഷം ഇന്നലെ രാവിലെ ഏഴിനാണ് ഷട്ടർ തുറന്നത്. ആദ്യം അര ഇഞ്ചും പിന്നീട് ഒരിഞ്ചായും ഷട്ടർ ഉയർത്തി.
പീച്ചി ഡാം
പീച്ചിയിൽ മഴ ശക്തമായ രണ്ട് മീറ്ററിലധികം വെള്ളമാണ് ഒഴുകിയെത്തിയത്. എല്ലാ ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. മഴ ശക്തമായി തുടരുകയാണെങ്കിൽ കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി യോഗം ചേർന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയ ശേഷം ഷട്ടർ തുറക്കും.
ജലനിരപ്പ്
പീച്ചി
സംഭരണ ശേഷി 79.25 മീറ്റർ
വൈകിട്ട് 3 മണി വരെ 71.88 മീറ്റർ
വാഴാനി
സംഭരണ ശേഷി 62.48 മീറ്റർ
ഇന്നലെ 52.50 മീറ്റർ
ചിമ്മിനി
സംഭരണ ശേഷി 76.40 മീറ്റർ
ഇന്നലെ 67.85
പത്താഴക്കുണ്ട്
സംഭരണ ശേഷി 14 മീറ്റർ
ഇന്നലെ 9.25 മീറ്റർ
അസുരൻകുണ്ട് ഡാം
സംഭരണ ശേഷി 10 മീറ്റർ
ഇന്നലെ 6.4 മീറ്റർ
പൊരിങ്ങൽകുത്ത്
സംഭരണ ശേഷി 424 മീ
ഇന്നലെ 421
ഇന്ന് റെഡ് അലർട്ട് :
കൂടുതൽ മഴ വടക്കാഞ്ചേരിയിൽ
തശൂർ : കനത്തമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ കൂടുതൽ മഴ ലഭിച്ചത് വടക്കാഞ്ചേരിയിലാണ്. 115 മില്ലി മീറ്റർ മഴയാണ് ഇവിടത്തെ മഴമാപിനിയിൽ രേഖപ്പെടുത്തിയത്. കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഏനാമാക്കൽ, വെള്ളാനിക്കര മേഖലകളിലും അതിശക്തമായ മഴ ലഭിച്ചു. നിലവിലുള്ള ന്യൂനമർദ്ദത്തിന് പുറമേ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ട് വരുന്നതിനാൽ എതാനും ദിവസം കൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
മഴ കൂടുതൽ ലഭിച്ചയിടങ്ങൾ (മില്ലി മീറ്റർ)
ചാലക്കുടി 82
കുന്നംകുളം 76
ഇരിങ്ങാലക്കുട 62
കൊടുങ്ങല്ലൂർ 47
ഏനാമാക്കൽ 45
വെള്ളാനിക്കര 92
പൊരിങ്ങൽകുത്ത് 89