തൃശൂർ: പ്രളയം ഉണ്ടാകുകയാണെങ്കിൽ നേരിടാനുള്ള പദ്ധതികളുമായി കോർപറേഷൻ. സന്നദ്ധ സേനാംഗങ്ങൾക്കുള്ള ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനങ്ങൾ പൂർത്തീകരിച്ചു. കോർപറേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കും അതിനായുള്ള ഉദ്യോഗസ്ഥരും വേണ്ടത്ര വളണ്ടിയർമാരും സജ്ജമായി കഴിഞ്ഞു.

സന്നദ്ധ സേനാംഗങ്ങൾക്ക് പ്രളയ പ്രതിരോധ പ്രവർത്തനം ലഘൂകരിക്കുന്നതിന് 2 ബോട്ട്, 100 ലൈഫ് ജാക്കറ്റ്, 200 ട്യൂബ്, 10 വടം, 2 ലാഡർ, 2 ടങ്കി ബോട്ട്, സന്നദ്ധ പ്രവർത്തകർക്കുളള 100 റെയിൻ കോട്ട്, 10 ഹെഡ്‌ലൈറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മേയർ അജിത ജയരാജൻ, ഗവ. ചീഫ് വിപ്പ് കെ. രാജൻ സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളുടെ ഉപകരണങ്ങൾ പരിശോധിച്ചു.

പ്രളയദുരന്ത നിവാരണ സേനയ്ക്കുള്ള പ്രതിരോധ സാമഗ്രികൾ സന്നദ്ധസേനാംഗം ഗ്രീഷ്മയ്ക്ക് ലൈഫ് ജാക്കറ്റ് നൽകി ഗവ. ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. റോസി, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ അനൂപ് ഡേവീസ് കാട, സതീഷ് ചന്ദ്രൻ, രജനി വിജു, ഈസ്റ്റ് സി.ഐ: ലാൽകുമാർ, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വിനയ്, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ സന്നിദ്ധരായിരുന്നു.