athira

തൃശൂർ : മഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി തകർത്ത് പെയ്യുന്ന മഴയിൽ ജനജീവിതം ദുരിതത്തിൽ. ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധം മഴ കൊരിച്ചൊരിയുകയാണ്. വ്യാഴാഴ്ച്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇന്നലെ രാത്രിയിലും തുടർന്നു. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളക്കെട്ടിലായി. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. മുകുന്ദപുരം പടിയൂരിൽ കാറ്റിലും മഴയിലും തെക്കരക്കൽ രാമകൃഷ്ണന്റെ ഓട് മേഞ്ഞ വീടിനു മുകളിൽ കവുങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര ഭാഗികമായി തകർന്നു. മുകുന്ദപുരം താലൂക്കിലെ തൊട്ടിപ്പാൾ വില്ലേജ് മുക്കുളത്ത് വീട്ടിൽ മണിയുടെ വീടിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.

ശക്തമായ മഴയിലും കാറ്റിലും തുമ്പൂർ നാദം തിയേറ്റർ ഇടിഞ്ഞു വീണു. പൂമംഗലത്ത് പുന്നത്തറ അരിപ്പാലം രഘുനാഥന്റെ വീടിന് മുകളിൽ കവുങ്ങ് ഒടിഞ്ഞു വീണു. ഇതിനിടയിൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉണർത്തുന്നുണ്ട്. പൂമല ഡാമിന്റെ ഷട്ടറുകൾ രണ്ട് ഇഞ്ച് ഉയർത്തി. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വടക്കാഞ്ചേരിയിലാണ്. അതിരപ്പിള്ളി, വാഴച്ചാൽ, പൊരിങ്ങൽകുത്ത് മേഖലയിൽ ശക്തമായ മഴയാണ്. പൊരിങ്ങൽകുത്ത് ഡാമിൽ അനുനിമിഷം ജലനിരപ്പ് ഉയരുകയാണ്. അപ്പർ ഷോളയാർ വനമേഖലയിൽ മഴ തുടരുന്നതാണ് കാരണം. കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയിലധികം വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് തുറന്ന് വിട്ടിരിക്കുന്നത്. കടൽക്ഷോഭവും ശക്തമാണ്.

താണിക്കുടം ക്ഷേത്രത്തിൽ വെള്ളം കയറി


പ്രകൃതി ഒഴുകിയെത്തി ആറാട്ട് നടക്കുന്ന താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ വെള്ളം കയറി. എന്നാൽ ശ്രീകോവിലിന് ഉള്ളിൽ വെള്ളം കയറി ആറാട്ട് നടന്നിട്ടില്ല. കനത്ത മഴ തുടർന്നാൽ ഇന്ന് ഭഗവതിക്ക് ആറാട്ട് നടക്കുമെന്നാണ് കരുതുന്നത്.

ഇന്ന് പ്രവർത്തിക്കും

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സ്ഥിതി കൈകാര്യം ചെയ്യുന്നതിനായി താലൂക്ക് ഓഫീസുകളും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കും.

ജീവനക്കാരെ വിട്ടു നൽകണം


കാലവർഷം ശക്തമായതോടെ വിവിധ താലൂക്കുകളിൽ അനിഷ്ട സംഭവം ഉണ്ടാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെയും വാഹനങ്ങളെയും വിട്ടുനൽകാൻ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു.