ഒല്ലൂർ: മരത്താക്കര കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം മരം വീണതിനെ തുടർന്നുള്ള വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ രണ്ട് കരാർ ജീവനക്കാർക്ക് ഷോക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് സംഭവം. കരാർ ജീവനക്കാരനായ എടക്കുന്നി മരോട്ടിക്കൽ വീട്ടിൽ ബാബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന ജോൺസന് ഷോക്കേറ്റെങ്കിലും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച രാവിലെ മരം വീണ് ഫീഡറുകളും സ്വിച്ചുകളും തകർന്നിരുന്നു. തുടർന്ന് മറ്റു ലൈനുകൾ ഓഫ് ചെയ്ത് തകരാർ പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്ത് വർക്ക് ഷോപ്പിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് വൈദ്യുതി കയറി വന്നത്.
തൊഴിലാളികൾ സേഫ്ടി ബെൽറ്റ് ഇട്ടിരുന്നതിനെ തുടർന്ന് ഷോക്കേറ്റയുടൻ പോസ്റ്റിൽ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. മറ്റു ജോലിക്കാർ ബഹളം വച്ച് ജനറേറ്റർ ഓഫ് ചെയ്തതിനു ശേഷം ഷോക്കേറ്റയാളെ താഴെയിറക്കി. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.