rain

ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വൻതോതിൽ വെള്ളമെത്തിയതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം കയറി. ഒരു പ്രദേശത്തെ വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.
അതിരപ്പിള്ളി, ചാർപ്പ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകി.

വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപ്രതീക്ഷിതമായി പൊരിങ്ങൽക്കുത്ത് ഡാമിലേയ്ക്ക് മലവെള്ളപ്പാച്ചിലുണ്ടായത്. പറമ്പിക്കുളം ഡാമിനോടനുബന്ധിച്ച മലനിരകളിൽ നിന്നും കുത്തിയൊഴുകിയപ്പോൾ എട്ടു മണിക്കൂറിനുള്ളിൽ ഡാമിൽ ആറ് മീറ്റർ വെള്ളം കൂടി. ഇതു കെ.എസ്.ഇ.ബി അധികൃതരെ ഞെട്ടിച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ സ്ലൂയിസ് വാൽവുകളിൽ ഒന്ന് അടയ്ക്കാൻ തീരുമാനിച്ചതിന് ശേഷമായിരുന്നു അഭൂതപൂർവ്വമായ വെള്ളപ്പാച്ചിൽ.

ഇതോടെ ഏഴു ഷട്ടറുകളിൽ കൂടിയും വെള്ളം ചാടി. കനത്ത മഴയും തുടർന്നതോടെ പുഴയുടെ തീരത്തുള്ളവർ അങ്കലാപ്പിലായി. പരിയാരം പഞ്ചായത്തിലെ കമ്മളം നായരങ്ങാടി റോഡിൽ വെള്ളം കയറി. കപ്പത്തോട് കടന്നു പോകുന്ന കോടശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. മുരിങ്ങൂർ ഡിവൈൻ കോളനിയിലെ അമ്പത് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയത്. കൂടപ്പുഴ കുട്ടാടം ചിറ, കാടുകുറ്റിയിലെ ചാത്തൻചാൽ തുടങ്ങിയ പാടശേഖരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. വാഴച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തെ 13 ആദിവാസി കുടുംബങ്ങളെ ആവശ്യമെങ്കിൽ വനം വകപ്പിന്റെ ഡോർ മെറ്ററിയിലേയ്ക്ക് മാറ്റാൻ നടപടികളായി. ചാലക്കുടി റെയിൽവെ അടിപ്പാതയിൽ വെള്ളം കയറി ഗതാഗതം നിലച്ചു.

അപ്പർ ഷോളയാറിൽ നിന്നും വെള്ളം

അപ്പർ ഷോളയാർ ഡാമിൽ നിന്നും കേരള ഷോളയാറിലേയ്ക്ക് വെള്ളം തുറന്നു വിട്ടു. സെക്കൻഡിൽ മൂവായിരം ഘന അടി വെള്ളമാണ് ഇന്നലെ രാത്രി 8.15 മുതൽ ഒഴുക്കുന്നത്. 3293.4 അടിയാണ് തമിഴ്‌നാട് ഷോളയാറിന്റെ ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയ ജലനിരപ്പ്. ഇത് തൊണ്ണൂറ്റിയഞ്ചു ശതമാനമാണ്. ഡാം നിറയുന്നതോടെ പറമ്പിക്കുളത്തേയ്ക്കും ഒപ്പം കേരള ഷോളയാറിലേയ്ക്കും വെള്ളം വിടുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. 57 ശതമാനം മാത്രമുള്ള കേരള ഷോളയാറിന്, മുകളിലെ ഡാമിൽ നിന്നും വരുന്ന വെള്ളത്തെയും ഉൾക്കൊള്ളാനാകും. ഇവിടെ ജലനിരപ്പ് 80 ശതമാനമായാൽ വൈദ്യുതി ഉത്പാദനം ആരംഭിക്കും. അതിതീവ്ര മഴ ഉണ്ടായില്ലെങ്കിൽ ഷോളയാറിൽ നിന്നും പൊരിങ്ങൽക്കുത്തിലേയ്ക്ക് വെള്ളം വിടേണ്ടി വരില്ല.