വാടാനപ്പിള്ളി: കനത്ത മഴയ്‌ക്കൊപ്പം കടൽ കലി തുള്ളിയതോടെ ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര ബീച്ചിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. തെങ്ങുകൾ കടപുഴകി വ്യാപകമായി നശിച്ചു. തിരമാലകൾ കടൽഭിത്തിക്കു മുകളിലൂടെ ആഞ്ഞടിക്കുകയാണ്.

അരക്കിലോമീറ്ററോളം ദൂരത്തുള്ള പുഴയിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ചെളിയടക്കമാണ് വീടുകളിലേക്ക് വെള്ളം കയറുന്നത്. പാട്ടത്തിപ്പറമ്പിൽ വത്സൻ, പ്ലാക്കൽ ഭരതൻ, ഈച്ചരൻ ഉണ്ണിക്കൃഷ്ണൻ , പ്ലാക്കൽ ദാസൻ, കരീപ്പാടത്ത് സുനിൽ എന്നിവരുടേത് ഉൾപ്പെടെ 60 വീടുകളിലാണ് വെള്ളം കയറിയത്. പല വീടുകളിലും ചെളി കയറി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി.

ആളുകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലാണ്. കുടിവെള്ള ടാപ്പുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. പ്രദേശത്തേക്കുള്ള റോഡും മണൽ നിറഞ്ഞ് മൂടിയ നിലയിലാണ്. നാട്ടുതോട് ആഴം കൂട്ടിയും വീതി വയ്പ്പിച്ചും അടിയന്തരമായി പുനർനിർമ്മാണം നടന്നു വരുന്നതിനിടെയാണ് കടൽക്ഷോഭമുണ്ടായത്.

എന്നാൽ കൊവിഡ് ഭീതിയിൽ ദുരിതാശ്വാ ക്യാമ്പുകളിലേക്ക് മാറാൻ കുടുംബങ്ങൾ തയ്യാറാകുന്നില്ല. എല്ലാവരെയും ക്യാമ്പിലേക്ക് മാറ്റാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാൽ പറഞ്ഞു.

വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിലും കടലേറ്റം രൂക്ഷമാണ്. ഓഖിക്ക് ശേഷം ഇത്രയും രൂക്ഷത ഇപ്പോഴാണ് അനുഭവപ്പെടുന്നത്. ആഴ്ചകളായി ഇവിടങ്ങളിൽ കടലേറ്റം തുടർന്നുവരികയാണ്.

കൊവിഡ് മാനദണ്ഡങ്ങളോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നുമാണ് തീരപ്രദേശവാസികളുടെ ആവശ്യം.