ചേർപ്പ്: പാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂർ ശക്തൻ മാർക്കറ്റിൽ ജോലിയുള്ള പാറളം സ്വദേശിയിൽ നിന്നാണ് രോഗം പകർന്നത്. പനി ബാധിച്ചതിനെ തുടർന്ന് ശക്തൻ മാർക്കറ്റിൽ ജോലിയുള്ള ആൾ കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയിരുന്നു. ശക്തൻ മാർക്കറ്റിലെ തൊഴിലാളിക്ക് സ്രവ പരിശോധനയിൽ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടർ നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 69 പേരെ നിരീക്ഷണത്തിലാക്കി. ശക്തൻ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്കാണ് പാറളം പഞ്ചായത്തിൽ രോഗ ബാധ സ്ഥിരീകരിച്ചിരുന്നത്. ഇവരുമായി സമ്പർക്കം ഉള്ള നൂറോളം പേരെ നിരീക്ഷണത്തിലാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ് പറഞ്ഞു.