തൃശൂർ: അതിശക്തമായ മഴയുണ്ടാകുകയും ഡാമുകളിൽ ജലനിരപ്പുയരുകയും ചെയ്തതോടെ മലയോര മേഖലകളും താഴ്ന്നപ്രദേശങ്ങളും പ്രളയഭീതിയിൽ. വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെ വെള്ളാനിക്കരയിൽ 157.4 മി. മീറ്റർ മഴയായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയും മഴയളവ് 154.9 മി.മീ എത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായ ഇടുക്കിയിൽ, പീരുമേട്ടിൽ 185.5 മി.മീറ്ററാണ് മഴയളവ്.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി, പൊരിങ്ങൽക്കുത്ത് തുറന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. പൂമല ഡാമിന്റെ ഷട്ടറും തുറന്നിട്ടുണ്ട്. ചാലക്കുടി താലൂക്കിൽ വെള്ളപ്പൊക്ക പ്രതിരാേധത്തിന് ആറ് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 139 പേർ താമസിക്കുന്നുണ്ട്. തൃശൂർ ചാലക്കലിൽ മണ്ണിടിച്ചിൽ ഭീഷണി കാരണം ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തമിഴ്‌നാട് ഷോളയാർ ഡാം പൂർണ സംഭരണ ശേഷിയിലായതോടെ വെള്ളിയാഴ്ച രാത്രി എട്ടിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3,000 ക്യുസെക്‌സ് വെള്ളം കെ.എസ്.ഇ.ബി ഡാമായ കേരള ഷോളയാറിലേക്ക് ഒഴുക്കിയിരുന്നു. ഷട്ടറുകൾ തമിഴ്‌നാട് ഇന്നലെ രാവിലെ എട്ടിന് അടച്ചു.
1.10 കോടി നഷ്ടം
നിലവിൽ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും കാറ്റും മഴയും മൂലം 1,10,64,298 രൂപയുടെ നാശനഷ്ടമുണ്ടായി. ചാഴൂർ പഞ്ചായത്തിലെ മൂന്ന് റോഡുകൾ രണ്ട് കിലോ മീറ്ററോളം തകർന്നു.
ശ്രദ്ധിക്കാൻ
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുമെന്നതിനാൽ യാത്ര ഒഴിവാക്കണം.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം .
ശക്തമായ കാറ്റിൽ ഉണ്ടാകുന്ന അപകടം കണക്കിലെടുത്ത് മുന്നൊരുക്കം നടത്തണം.
മഹാമാരിക്കിടയിലെ പേമാരി
കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പുകൾ നടത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്നലെ പ്രവർത്തിച്ചു. കൊവിഡ് പൊസിറ്റീവ്, ക്വാറന്റൈനിലുള്ളവർ എന്നിവർക്കായി പ്രത്യേക സംവിധാനമുണ്ട്. കുഴൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ക്വാറന്റൈനിലുള്ളവരെ പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ രണ്ടു പേർ താമസിക്കുന്നുണ്ട്. നഗരത്തിലെയും സമീപ മേഖലകളിലെയും വെള്ളപ്പൊക്ക കെടുതികൾ കൈകാര്യം ചെയ്യുന്നതിന് എമർജൻസി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
മഴ :
ഏനാമാക്കൽ 90.8 മി.മീ
ചാലക്കുടി 84.2
കൊടുങ്ങല്ലൂർ 84
വടക്കാഞ്ചേരി 75
കുന്നംകുളം 74.4
ഇരിങ്ങാലക്കുട 68.2
................
ജലനിരപ്പ്:
........
പെരിങ്ങൽക്കുത്ത്: 419.90 മീറ്റർ (റെഡ് അലേർട്ട്: 419 മീറ്റർ, സംഭരണശേഷി 424 മീറ്റർ).
കേരള ഷോളയാർ: 2640.80 അടി. (സംഭരണശേഷി 2663 അടി. ബ്ലൂ അലേർട്ട് 2658 അടി.)
...................
ഇറിഗേഷൻ ഡാമുകളിൽ
പീച്ചി 73.08 മീറ്റർ (സംഭരണശേഷി 79.25 മീറ്റർ).
ചിമ്മിനി 68.51 മീറ്റർ ( 76.40 മീറ്റർ),
വാഴാനി: 53.85 മീറ്റർ ( 62.48 മീറ്റർ),
പൂമല ഡാം: 27.8 അടി ( 29 അടി).
പത്താഴക്കുണ്ട് 9.77 മീറ്റർ
കൺട്രോൾ റൂം സജ്ജമായി
കാലവർഷം ശക്തമായതോടെ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമായി.
കളക്ടറേറ്റ് കൺട്രോൾ റൂം 1077 (ടോൾ ഫ്രീ), 0487 2462424, 9447074424. തൃശൂർ താലൂക്ക്: 0487 2331443, തലപ്പിള്ളി 04884-233226, മുകുന്ദപുരം 0480-2825259, ചാവക്കാട് 0487-2507350, കൊടുങ്ങല്ലൂർ 0480-2802336, ചാലക്കുടി 0480-2705800, കുന്നംകുളം 04885 225200, 225700,