തൃശൂർ: കളക്ടറേറ്റ് കഴിഞ്ഞാൽ ജില്ലയുടെ രണ്ടാം ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൊവിഡ് ടെസ്റ്റ് നടത്തി, രോഗമില്ലാത്ത ജീവനക്കാരെ തിരിച്ച് വിളിച്ച് ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. തഹസിൽദാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 80 ഓളം ജീവനക്കാർ നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് ഓഫീസ് അടച്ചിട്ടത്.
മഴക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സഹായം എത്തിക്കേണ്ട താലൂക്ക് ഓഫീസ് തുറന്ന് പ്രവർത്തിക്കാനുള്ള നടപടികളെടുക്കാത്തത് ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പരാജയമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.