കയ്പമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എടത്തിരുത്തി പഞ്ചായത്തിൽ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പതിനേഴാം വാർഡിൽ കുന്നത്തുപടി ഷബീറലിയുടെ രണ്ട് ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചിട്ടുള്ളത്. കൊള്ളി, കൂർക്ക, വഴുതന, മുളക്, പയർ, പാവൽ, പടവലം എന്നിവയാണ് കൃഷിയിറക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വി. സതീഷ്, പഞ്ചായത്തംഗം സലിം വലിയകത്ത്, കൃഷി ഓഫീസർ സി.എം. റുബീന, കർഷകൻ ഷിബു നമ്പെട്ടി എന്നിവർ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ട് ഹെക്ടറും, ആർ.കെ.വി.വൈ പദ്ധതി പ്രകാരം 2 ഹെക്ടറും, പച്ചക്കറി വികസന പദ്ധതി പ്രകാരം ഒരു ഹെക്ടറും കൂടി മൊത്തം അഞ്ച് ഹെക്ടർ തരിശ് ഭൂമിയിലാണ് ഈ വർഷം കൃഷിയിറക്കുന്നത്.