vellakkettu
ശക്തമായ മഴയെ തുടർന്ന് വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി കിടക്കുന്നതിന്റെ ദൃശ്യം.

ചാവക്കാട്: ചേറ്റുവ എം.ഇ.എസ് ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം ഉയർന്ന പ്രദേശങ്ങളിൽ ശക്തിയായ മഴയെ തുടർന്ന് വീടുകളിലും നിരവധി കൃഷിയിടങ്ങളും വെള്ളം കയറി. ചുള്ളിപ്പടിയിൽ നിന്നും പടിഞ്ഞാറ് ഭാഗം പോകുന്ന റോഡ് മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.

മഴക്കാലമായാൽ ഇവിടെ വെള്ളക്കെട്ട് അനുഭവപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഏക്കർകണക്കിന് പറമ്പുകളിൽ തെങ്ങുകൾക്ക് തടം കോരി വളം ഇട്ടതെല്ലാം ഇന്നലെ പെയ്ത മഴയിൽ ഒലിച്ചുപോയി.

ശക്തമായ മഴ കാരണം വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതിനാൽ സെപ്ടിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് കവിയുന്നുണ്ട്. ഇതോടൊപ്പം ദുർഗന്ധം കൂടി വമിക്കുന്നത് അസഹനീയമാകുന്നു. കൊവിഡ് കാലത്ത് ഈവിധമൊരു പ്രതിസന്ധി കൂടി വന്നാൽ പകർച്ചവ്യാധികൾക്കും സാദ്ധ്യതയേറും. എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.