തൃശൂർ: 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ 571 പേർ ജില്ലയിൽ ചികിത്സയിലായി. 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ 1417 പേർ രോഗമുക്തരായി. ആകെ പൊസിറ്റീവായവരുടെ എണ്ണം 2005 ആയി. 54 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ വഴിയാണ് രോഗം പകർന്നത്. മറ്റ് സമ്പർക്കം വഴി 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന മൂന്ന് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നത് 11,699 പേരാണ്. ഇന്നലെ 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനി 800 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
സമ്പർക്ക രോഗ ബാധ ഇങ്ങനെ
ചാലക്കുടി ക്ലസ്റ്റർ 6
ശക്തൻ ക്ലസ്റ്റർ 6
കെ.എസ്.ഇ ക്ലസ്റ്റർ 3
പട്ടാമ്പി ക്ലസ്റ്റർ 2
കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ 1
രാമപുരം ക്ലസ്റ്റർ 1
ആംബുലൻസ് സേവനത്തിന് അപേക്ഷിക്കാം
തൃശൂർ: കൊവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കൊവിഡ് പോർട്ടലിൽ അപേക്ഷിക്കാം. covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ ആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെ മൊബൈൽ നമ്പറും രോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേരും നൽകണം. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകണം. അപേക്ഷാ ഫോമിൽ പേര്, വിലാസം, സ്ഥാപനം, എവിടെ നിന്നും എവിടേക്കാണ് യാത്ര ചെയ്യേണ്ടത്, ഏത് ആംബുലൻസാണ് വേണ്ടത് തുടങ്ങിയ വിവരം നൽകണം. 10 മുതൽ പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും. ഫോൺ: 9400063732.