ചാലക്കുടി: ചാലക്കുടിയിലെ വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ദുരന്ത നിവാരണ സേനയെത്തി നീരീക്ഷണം നടത്തി. 2018ലെ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലായിരുന്നു ഇൻസ്‌പെക്ടർ കെ.വി. ശ്രീവാസ്തവയുടെ നേതൃത്വത്തിൽ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിലെ അഞ്ചംഗ സംഘം എത്തിയത്.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണ ദൗത്യം. പുഴ കടന്നുപോകുന്ന വെട്ടുകടവ് പാലം, ചേനത്തുനാട്, കോട്ടാറ്റ്, സെന്റ് ജയിംസ് അക്കാഡമി തുടങ്ങിയ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ സംഘം വിലയിരുത്തി.
താലൂക്ക് കാര്യാലയത്തിലെത്തിയ സേനാംഗങ്ങൾ തഹസിദാരുമായി ചർച്ച നടത്തി. തുടർന്ന് നഗരസഭാ ഓഫീസിലും എത്തി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ്. ആകാശ് തുടങ്ങിവരുമായി ചർച്ച നടത്തി.