തൃപ്രയാർ: പെയ്ത് തോരാതെ മഴ, തീരദേശത്തെ മിക്ക പഞ്ചായത്തുകളും വെള്ളത്തിൽ. ശനിയാഴ്ച അതിശക്തമായ മഴയാണ് തീരദേശത്തുണ്ടായത്. നാട്ടിക, വലപ്പാട്, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ മിക്ക പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഭൂരിഭാഗം റോഡുകളും ദേശീയപാതയും വെള്ളം കെട്ടിനിൽക്കുകയാണ്. വാടാനപ്പിള്ളിയിൽ മൂന്ന് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഗവ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, തൃത്തല്ലൂർ കമലാനെഹ്റു മെമ്മോറിയൽ സ്കൂൾ, അൽനൂർ ഐ.ടി.ഐ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ഇവിടങ്ങളിലായി ആറ് കുടുംബങ്ങളെയാണ് താമസിപ്പിച്ചിട്ടുളളത്. വലപ്പാട് പഞ്ചായത്തിൽ വെള്ളക്കെട്ട് നീക്കാൻ അറപ്പതോട് തുറന്ന് കടലിലേക്ക് വെള്ളം ഒഴുക്കി വിട്ടു. അതിനിടെ ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, തളിക്കുളം പഞ്ചായത്തുകളിൽ കടലേറ്റം ശനിയാഴ്ചയും തുടർന്നു.