പാവറട്ടി: ഒരു സഹോദരൻ മറ്റു ഏഴ് സഹോദരങ്ങൾക്ക് എതിരെ 35 വർഷം മുൻപ് നടന്ന കുടുംബ ഭാഗം വയ്പിനെതിരെ ഇപ്പോൾ കോടതിയിൽ നൽകിയ സ്വകാര്യ അന്യായം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലിക്കെതിരെ ഭൂമി തട്ടിച്ചെന്ന് പ്രചരണം നടക്കുന്ന സി.പി.എം നേതൃത്വം തെളിവുകൾ ഹാജരാക്കുകയോ മാപ്പു പറയുകയോ ചെയ്യണമെന്ന് കോൺഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഉന്നയിച്ച ഭൂമിയും വീടും സഹോദരൻ സി.ജെ. ചെറിയാന്റെ പേരിലിരിക്കെ മണ്ഡലം പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയമായി എളവള്ളിയിൽ സി.പി.എം നേരിടുന്ന അപചയങ്ങളെയും ഭരണപരാജയങ്ങളെയും മറയ്ക്കാനായി കുടുംബ പ്രശ്‌നങ്ങളെയും വ്യക്തി വിഷയങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന രാഷട്രീയ തന്ത്രത്തെ പൊതുജന മദ്ധ്യത്തിൽ തുറന്നു കാണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പാവറട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കൻ, പി.ആർ. പ്രേമൻ, കോയ പോക്കാക്കില്ലത്ത്, റാഫി എളവള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.