ഒല്ലൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പുത്തൂർ പഞ്ചായത്തിലെ ചിറ്റക്കുന്നിന്റെ താഴ്‌വരയിൽ താമസിക്കുന്ന 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. ചെമ്പംകണ്ടം സെന്റ് ജോൺസ് അക്കാഡമിയിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സമീപമുള്ള 60 വീട്ടുകാരോടും മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളായ കൊളാംകുണ്ട്, കോക്കാത്ത് കോളനി, തോണിപ്പാറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ദുരന്തനിവാരണ യോഗത്തിലാണ് കാര്യങ്ങൾ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.