പാവറട്ടി: ഇരുട്ടിന്റെ ലോകത്തു നിന്നും അക്ഷരവെളിച്ചം തേടുകയാണ് റഷീദ് മരുതയൂർ. വിധിയെ പഴിക്കാതെ, പകച്ചു നിൽക്കാതെ കവിതയുടെ ലോകത്ത് അതിജീവനം കണ്ടെത്തുന്ന ഈ 61കാരൻ സഹജീവികൾക്കും പ്രചോദനമാണ്.

പാവറട്ടി മരുതയൂർ സ്വദേശിയായ റഷീദിന് ചെറുപ്പം മുതൽ കാഴ്ചയ്ക്ക് പരിമിതിയുണ്ടായിരുന്നു. മരുതയൂർ എ.എം.എൽ.പി സ്‌കൂളിലും വെണ്മേനാട് എം.എ.എസ്.എം ഹൈസ്‌കൂളിലുമാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പിന്നീട് ഉപജീവനത്തിനായി മുംബയിലേക്കും ഗൾഫിലേക്കും ചേക്കേറി. ഇതിനിടെ കാഴ്ചശക്തി ക്രമാതീതമായി കുറഞ്ഞു, തുടർന്ന് നാട്ടിലേക്ക് മടങ്ങി.

കാഴ്ച മങ്ങിയതോടെ ജീവിതത്തിൽ കരിനിഴൽ വീഴുമെന്ന ആശങ്കയിലും മരുതയൂർ കവലയിലെ പെട്ടിക്കടയിലിരുന്ന് മനസിലെ ചിത്രങ്ങൾക്ക് അക്ഷരം ഒരുക്കുകയാണ് റഷീദ്. പ്രതിസന്ധികളും പ്രശ്നങ്ങളും രൂക്ഷമായപ്പോഴും റഷീദിന്റെ കാണാക്കാഴ്ചകൾ കവിതകളായും പാട്ടുകളായും പുറത്തുവരുന്നു.

എഴുതുക ബുദ്ധിമുട്ടായതിനാൽ മക്കൾക്കും സുഹൃത്തുക്കൾക്കും ചൊല്ലിക്കേൾപ്പിക്കും, അവരത് പകർത്തിയെഴുതും. റഷീദിന്റെ സൃഷ്ടികളെല്ലാം സമാഹരിച്ച് 'വേർപ്പാടിന്റെ നൊമ്പരം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പുസ്തകപ്രകാശനം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും.

അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ കവിതകളിൽ ജന്മനാടിന്റെ ഗൃഹാതുരത്വവും അനുതാപവും പ്രകൃതി സ്‌നേഹവും മതസൗഹാർദ്ദവുമുണ്ട്. ഗ്രാമ്യ ജീവിതവും പ്രാദേശിക ചരിത്രവും എല്ലാം കവിതയ്ക്ക് വിഷയമാകുന്നുണ്ട്. ഒപ്പം പ്രവാസജീവിതത്തിന്റെ പ്രയാസവും വേർപ്പാടുമെല്ലാം റഷീദിന്റെ കവിതയിൽ തെളിയുന്നു.

പുളിഞ്ചേരി വീട്ടിൽ അബ്ദുൽ മജീദിന്റെയും ആമിനുമ്മയുടെയും മകനായി 1959ലാണ് റഷീദ് ജനിച്ചത്. സൗദയാണ് ഭാര്യ. മുഹമ്മദ് റാഷിദ്, മിസ്സിരിയ, മുഹമ്മദ് ഇർഷാദ് എന്നിവരാണ് മക്കൾ. ഇരുകാലി മൃഗം, നൊമ്പരങ്ങളുടെ ലോകം എന്നീ നാടകങ്ങളും സലീനയുടെ മരണം എന്ന കഥാസമാഹാരവും റഷീദ് മരുതയൂർ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരുതയൂർ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന പണ്ടാരത്തിൽ കുഞ്ഞിമോൾ, അറബിക് മുൻഷി അബുൽ കരീം,​ അദ്ധ്യാപകരായ കച്ചക്കുട്ടി,​ കാളിക്കുട്ടി,​ മീനാക്ഷി,​ ദേവകി,​ ത്രേസ്യാമ്മ,​ കൊച്ചു മറിയം,​ മാർഗലീത്ത എന്നിവർക്കുള്ള സ്നേഹാഞ്ജലിയാണ് പുസ്തകം.

- റഷീദ് മരുതയൂർ