ആമ്പല്ലൂർ: വടക്കുംമുറിയിൽ മണലി പുഴയോരം ഇടിഞ്ഞ് പുഴ വഴി മാറി ഒഴുകിയതിനാൽ കല്ലൂർ പള്ളം പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പുഴയോരത്ത് അനിയന്ത്രിതമായി നടന്ന കളിമൺ ഖനനമാണ് പുഴയോരം ഇടിയാൻ ഇടയാക്കിയത്. അതിനിടെ പാലിയം പാടത്തെ കേളിത്തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തുന്ന പായലും പുല്ലും നീക്കം ചെയ്യാൻ കൊണ്ടുവന്ന ജങ്കാര് മറിഞ്ഞു. ഡ്രൈവറുടെ സഹായി ചേർത്തല സ്വദേശിയായ അനീഷിന് പരിക്കേറ്റു. ജങ്കാറിന്റെ അടിയിൽപെട്ട യുവാവിനെ നെന്മണിക്കര പഞ്ചായത്ത് അംഗം വി.ആർ.സുരേഷും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.
പൊരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം കുറയുന്നു
ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഷട്ടർ നിരപ്പിൽ നിന്നും താഴെയെത്തി. ഇതോടെ ഷട്ടറിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. 18 അടി തുറന്നുവച്ച 2 എമർജൻസി ഗേറ്റിലൂടെയും വൈദ്യുതി ഉത്പാദനത്തിന് ശേഷമുള്ള വെള്ളം മാത്രമേ പുഴയിലേയ്ക്ക് ഒഴുകുന്നുള്ളൂ. ഇതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ ചാലക്കുടിപ്പുഴയിലെ ജലവിതാനം താഴാനിടയുണ്ട്. പറമ്പിക്കുളം ഡാമിൽ നിന്നും വെള്ളമെത്തിയാലും പ്രശ്നമാകും. ഇതിനിടെ തമിഴ്നാട് അപ്പർ ഷോളയാർ ഡാം ഇന്നലെ രാത്രി തുറന്നു. മൂന്നു ഷട്ടറുകളിൽ 0.30 അടി വെള്ളമാണ് കേരള ഷോളയാറിലേയ്ക്ക് വിടുന്നത്.
കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നു
തൃശൂർ: മഴക്കെടുതികളെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി മഴക്കാല കൺട്രോൾ റൂം തുറന്നു. വൈദ്യുതി തടസ്സങ്ങൾ അതത് വൈദ്യുതി സെക്ഷൻ ഓഫീസിലോ, 24 മണിക്കൂർ പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾഫ്രീ നമ്പർ ആയ 1912, വാട്ട്സ്ആപ്പ് നമ്പറായ 9496001912 എന്നിവയിൽ അറിയിക്കാം. പോസ്റ്റുകൾ ഒടിഞ്ഞോ കമ്പികൾ പൊട്ടിയോ ഉള്ള അപകടങ്ങൾ ഉടനടി 9496010101 എന്ന നമ്പറിൽ അറിയിക്കാം. സർക്കിൾ തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഇവ. കുന്നംകുളം: 9496018410, തൃശൂർ ഈസ്റ്റ്: 9496018411, തൃശൂർ വെസ്റ്റ്: 9496018412, വടക്കാഞ്ചേരി: 9496018413, ചാലക്കുടി: 9496018407, ഇരിങ്ങാലക്കുട: 9496018408, കൊടുങ്ങല്ലൂർ: 9496018408.