തൃശൂർ: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ നാൽപത് ശതമാനം ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ടതോടെ ഹോട്ടൽ വ്യവസായം തകർച്ചയിലേക്ക്. മറ്റ് തൊഴിലുകൾ അന്വേഷിച്ച് തൊഴിലാളികൾ പിൻവാങ്ങുകയും ഉടമകൾ മറ്റ് ജീവിതമാർഗം തേടുകയുമാണ്.
ഇളവുകളുടെ ഭാഗമായി പകുതി സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടെങ്കിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആളെത്തുന്നില്ല. സംസ്ഥാനത്ത് കൊവിഡ് ബാധിതർ കൂടുന്തോറും ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറയുകയാണ്. പാഴ്സൽ മാത്രം നൽകിയിരുന്ന സമയത്തേക്കാൾ പത്ത് ശതമാനം കച്ചവടം മാത്രമാണ് കൂടിയത്. അതിനേക്കാൾ ഇരട്ടിയാണ് ദൈനംദിന ചെലവ്. ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതിബില്ല് തുടങ്ങിയവ പോലും ഹോട്ടലുടമകൾക്ക് കണ്ടെത്താനാകുന്നില്ല.
അതേസമയം, വൻകിട ഹോട്ടലുകളും റിസോർട്ടുകളും ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറൻ്റൈൻ പാക്കേജുകളിലൂടെയും നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും പാക്കേജുകൾ ഒരുക്കിയത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പോകുന്നത്. റെസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ചെറുകിട ഹോട്ടലുകൾക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തേക്കും.
വഴിയോര ഭക്ഷണം അനാരോഗ്യകരം
റോഡരികിലെ വാഹനങ്ങളിലും ഷെഡുകളിലുമായി ഭക്ഷണ വിൽപന പ്രോത്സാഹിപ്പിക്കുന്നത് ഹോട്ടൽ മേഖലയെ തളർത്തുന്നു എന്നതിലുപരി അനാരോഗ്യകരമായ ഭക്ഷണസംസ്‌കാരത്തെ വളർത്തുന്നുവെന്നാണ് ഹോട്ടലുടമകളുടെ പരാതി. വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നവർ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുണനിലവാരമില്ലാത്ത അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് അനാരോഗ്യകരമായ സാഹചര്യത്തിൽ പാചകം ചെയ്ത ഭക്ഷണം വില കുറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യഭീഷണിയാണ്. ഹോട്ടൽ തുടങ്ങുന്നതിന് നിരവധി പശ്ചാത്തല സൗകര്യം അധികൃതരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ശേഷമാണ് ലൈസൻസ് അനുവദിക്കുക. എന്നാൽ മറ്റ് വസ്തുക്കൾ വിൽപന നടത്തുന്ന ലാഘവത്തോടെയാണ് ഇവർ ഭക്ഷണവിതരണം നടത്തുന്നത്. ഇവർക്കെതിരെ പരാതി നൽകാൻ പോലും കഴിയില്ല.
..............
ഹോട്ടലുകൾ: 3000
തൊഴിലാളികൾ: 15,000 ലേറെ
'' സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ ഹോട്ടൽ മേഖലയുടെ ഭാവി പ്രവചിക്കാനാവൂ. അത്രമാത്രം പ്രതിസന്ധിയിലാണ്. സംഘടനാ തലത്തിൽ നിലവിലെ പരിമിതികൾ മനസിലാക്കി ഉപഭോക്താവിന് ആവശ്യമുളള ചെലവുള്ള ഭക്ഷണവിഭവങ്ങൾ മാത്രം വിതരണം ചെയ്യാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രീകൃത അടുക്കള സംഘടനയുടെ നേതൃത്വത്തിൽ അടുത്ത് തന്നെ നിലവിൽ വരും.''
സി. ബിജുലാൽ
ജില്ലാ സെക്രട്ടറി
ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ.