cp-muhamed-trust

വലപ്പാട്: വെള്ളം കയറിയ വീട്ടിൽ അകപ്പെട്ട വയോധികയ്ക്കും കുടുംബത്തിനും താമസ സൗകര്യമൊരുക്കി. സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് സൗകര്യം ഒരുക്കിയത്. വലപ്പാട് രണ്ടാം വാർഡിൽ ഒന്നര സെൻ്റ് സ്ഥലത്ത് കുടിൽ വെച്ച് താമസിക്കുന്ന വൃദ്ധയായ കിഴക്കൻ വീട്ടിൽ പാർവതിയെയും (72) മകളെയും പേരക്കുട്ടികളെയുമാണ് മാറ്റി താമസിപ്പിച്ചത്. കനത്ത മഴ പെയ്തതോടെ ഇവർ താമസിക്കുന്ന വീട്ടിൽ വെള്ളം നിറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വലപ്പാട് ജനമൈത്രി പൊലീസ് എസ്.എച്ച്.ഒ സുമേഷ് ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹുമായി ബന്ധപ്പട്ടതിൻ്റെ അടിസ്ഥാനത്തിലാണ് മറ്റൊരു വീട് ലഭിക്കുന്നത് വരെ സൗജന്യമായി താമസിക്കാൻ ഫ്ലാറ്റ് നൽകിയത്. വലപ്പാട് എസ്.എച്ച്.ഒ സുമേഷ്, ട്രസ്റ്റ് പ്രതിനിധി ഹിലാൽ കുരിക്കൾ, സാമൂഹികപ്രവർത്തകരായ നൗഷാദ് ആറ്റുപറമ്പത്ത്, ഷെമീർ എളേടത്ത്, എ.എസ്.ഐ നൂറുദ്ധീൻ, സി.പി.ഒമാരായ ലെനിൽ, പ്രണവ് എന്നിവരും സംബന്ധിച്ചു.