ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയതോടെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ നിർമ്മിച്ച അറപ്പക്കാന ജെ.സി.ബി ഉപയോഗിച്ച് തുറന്നു. കടൽക്ഷോഭത്തിൽ മണൽ അടിച്ചുകയറി മൂടിപ്പോയ കാന മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തുറന്നത്. ഇതോടെ ലേഡീസ് റോഡ് ഭാഗത്തെ വെള്ളം കടലിലേക്ക് ഒഴുകിത്തുടങ്ങി.
പ്രദേശത്തെ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതവും ജനസഞ്ചാരവും തടസ്സപ്പെട്ടിരുന്നു. വെള്ളക്കെട്ട് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി ലേഡീസ് റോഡ് ഉയർത്തി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ 10.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ അനുമതികളും ലഭിച്ച് ടെൻഡർ നൽകിക്കഴിഞ്ഞു.
അറപ്പക്കാന പുനർനിർമ്മാണം തുടങ്ങി, പകുതി പണി പൂർത്തിയായതായും രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നും വാർഡ് മെമ്പർ പി.കെ. ബഷീർ അറിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി.