തൃശൂർ: ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണ ഇടപാട് നടന്നതെന്നും,വിദേശ എൻ.ജി.ഒയുമായി കരാറിൽ ഏർപ്പെട്ട് സർക്കാർ ഭൂമി നൽകിയതും ഇടനിലക്കാരി ഒരു കോടി രൂപ കമ്മിഷൻ വാങ്ങിയതും രാജ്യദ്രോഹകുറ്റമാണെന്നും അനിൽ അക്കര എം.എൽ.എ ആരോപിച്ചു.യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ്ക്രസന്റിന് നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാനാവില്ല, അങ്ങനെ വേണമെങ്കിൽ റെഡ് ക്രോസിനെ ഏൽപ്പിക്കണം. റെഡ് ക്രോസിന്റെ ഇന്ത്യയിലെ പ്രസിഡന്റ് രാഷ്ട്രപതിയും ചെയർമാൻ കേന്ദ്ര ആരോഗ്യമന്ത്രിയുമാണ്.വിദേശ ഫണ്ടിന്റെ ദുരുപയോഗത്തെയും നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനത്തെയും കുറിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചതായും അനിൽ അക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു.